കോഴിക്കോട്: ഓൺലൈൻ പഠനത്തിൻറെ വിരസത മാറ്റാനും കുട്ടികൾക്ക് മാനസികപിന്തുണ നൽകാനുമായി ചൈൽഡ്ലൈൻ കോഴിക്കോട്ട് നടപ്പാക്കിയ ഹാപ്പി അവറിന് മികച്ച പ്രതികരണം. പ്രശസ്തരുമായുള്ള സംവാദമുൾപ്പെടെയുള്ള പരിപാടികളിൽ മനസർപ്പിച്ച് പങ്കാളികളാവുന്നുണ്ട് കുട്ടികൾ.
മജീഷ്യനായ അദ്ധ്യാപകൻ ശ്രീജിത്ത് വിയ്യൂർ ഇന്ന് കുട്ടികൾക്കൊപ്പം ചേരും. ഇന്ന് വൈകിട്ട് അഞ്ചിനാണ് പരിപാടി.
നേരത്തെ ചൈൽഡ്ലൈൻ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഓപ്പൺ ഹൗസ് ഒരുക്കിയപ്പോൾ പൊതുവെ കുട്ടികളിൽ നിന്ന് ആവലാതികളുടെ പ്രവാഹമായിരുന്നു. വീടുകളിൽ ഒതുങ്ങി പോവുകയാണെന്നും മറ്റുമായി മിക്കവരും സങ്കടം നിരത്തി. ഓൺലൈൻ ക്ലാസ്സുകൾക്കപ്പുറം സന്തോഷം പകരുന്ന പരിപാടികൾ എന്തെങ്കിലും സംഘടിപ്പിക്കണമെന്ന ആവശ്യമായിരുന്നു എല്ലാവർക്കും.
തുടർന്നാണ് ഹാപ്പി അവറിനെ കുറിച്ചുള്ള ആലോചന ഉയർന്നതും വൈകാതെ നടപ്പാക്കിയതും. ആദ്യഘട്ടത്തിൽ റെയിൽവേ ചൈൽഡ് ഹെൽപ് ഡെസ്ക് കുട്ടികൾക്കായി ക്രാഫ്റ്റ് മേക്കിംഗ് ക്ലാസ് നടത്തിയിരുന്നു.
ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനത്തിന് വഴിതുറക്കാൻ ചൈൽഡ്ലൈനിൻറെ ഇടപെടൽ പലയിടത്തുമുണ്ടായി. സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഇതിനകം 23 ടി.വി യും 18 ഡി.ടി.എച്ച് കണക്ഷനും ലഭ്യമാക്കിയിരുന്നു.