കൊച്ചി : വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അൺ എയ്ഡഡ് സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, അതിനു ഗ്രാന്റ് അനുവദിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും, പരീക്ഷ നടത്തിപ്പിന്റെയും അഫിലിയേഷന്റെയും ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഹൈക്കോടതിയിൽ സി.ബി.എസ്.ഇ വ്യക്തമാക്കി.
. കൊവിഡ് സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഫീസ് നൽകാൻ രക്ഷിതാക്കൾക്ക് കഴിയാത്തതിനാൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ കുട്ടികളെ സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി കെ.പി. ആൽബർട്ട് നൽകിയ ഹർജിയിലാണ് വിശദീകരണം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം സമർപ്പിക്കണം ഹർജി ഒക്ടോബർ ഏഴിനു വീണ്ടും പരിഗണിക്കും.
അൺ എയ്ഡഡ് സ്കൂളുകൾ ഒാൺലൈൻ ക്ളാസുകളാണ് നടത്തുന്നതെങ്കിലും, സ്പെഷ്യൽ ഫീസ് ഉൾപ്പെടെ ഈടാക്കുന്നു. ഒാൺലൈൻ ക്ളാസുകൾക്ക് ട്യൂഷൻ ഫീസ് എത്രയെന്നു വിലയിരുത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും, ഫീസ് നൽകാത്ത കുട്ടികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.