ഫ്ളൈ ഓവർ: ഇ. ശ്രീധരൻ അടുത്തയാഴ്ച എത്തും
കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ പുനരുദ്ധാരണത്തിനുള്ള പൊളിക്കൽ നടപടികൾ അടുത്ത മാസം 12 ന് ആരംഭിക്കും. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം പാലം പുനർനിർമ്മാണത്തിന്റെ മേൽനോട്ടം ഏറ്റെടുത്ത ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അടുത്തയാഴ്ച പാലം സന്ദർശിക്കും. പാലക്കാട് പട്ടാമ്പിയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.
പാലം പൊളിച്ചുപണിയുന്നതിന് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയ കരാർ ഇതുവരെ റദ്ദാക്കിയിട്ടില്ല. ഡി.എം.ആർ.സിക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നൽകിയ മന്ത്രിസഭ തീരുമാനവും നിലനിൽക്കുന്നുണ്ട്. അതിനാൽ രണ്ടു കാര്യങ്ങളിലും സർക്കാർ തത്വത്തിൽ നിലപാട് സ്വീകരിച്ചാൽ മതി.
പൊളിക്കേണ്ടത് എന്തൊക്കെ ?
മുകൾഭാഗം മുഴുവനായി പൊളിക്കണമെന്നാണ് നിർദ്ദേശം. 30 ശതമാനം തൂണുകൾ പൊളിക്കേണ്ടതില്ല.
• പിയറുകളും പിയർ ക്യാപ്പുകളും ശക്തിപ്പെടുത്തണം.
• 19 സ്പാനുകളിൽ 17 ഉം പൊളിക്കണം.
• 102 ഗർഡറുകളിൽ 100 ഗർഡറുകളുംം മാറ്റണം.
• തൂണുകളും തൂണുകളുടെ മുകളിൽ ഗർഡർ വയ്ക്കുന്ന വി ആകൃതിയിലുള്ള പ്രതലവും കോൺക്രീറ്റ് ജാക്കറ്റിംഗ് നടത്തണം.
• ആർ.സി.സി. ഗർഡറുകൾ മാറ്റി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ ആക്കും.
• എല്ലാ ബയറിംഗുകളുംം മാറ്റും.
സ്പാനുകളുടെ നിർമ്മാണത്തിന് 15 കോടിയും പൊളിക്കലിന് 2 കോടിയുംം കോൺക്രീറ്റ് ജാക്കറ്റിംഗിനു 1.71 കോടിയുമാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്.
പൊളിക്കലിന് രണ്ടാഴ്ച
പാലത്തിന്റെ മുകൾ ഭാഗം പൊളിക്കൽ ഒക്ടോബർ 12 ന് തുടങ്ങി 30 നകം തീർക്കാനാണ് പദ്ധതി.
വെല്ലുവിളി
നേരത്തെ തീരുമാനിച്ച പ്രകാരം ഈമാസം 30 ന് കൊച്ചിയിലെ ഡി.എം.ആർ.സി.യുടെ ഓഫീസ് അടച്ചുപൂട്ടേണ്ടതാണ്. പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുക്കുന്നതോടെ ഓഫീസ് പ്രവർത്തനം എട്ടു മാസം കൂടി നീട്ടണം. ഡി .എം.ആർ.സി.യിൽ നിന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനിലേക്ക് പോയ ചീഫ് എൻജിനീയർ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷനിൽ തിരികെ വിളിക്കും. ഡി.എം.ആർ.സി.യുടെ മറ്റ് ഓഫീസുകളിലേക്ക് മാറ്റിയവരെയും തിരികെ വിളിക്കാൻ ഡൽഹിയിൽ നിന്ന് തീരുമാനിക്കണം.
സർക്കാർ പണം വേണ്ട
കൊച്ചിയിൽ ഡി.എം.ആർ.സി. പണിത നാലു പാലങ്ങളുടെ നിർമ്മാണത്തിൽ മിച്ചം വന്ന 17.4 കോടി രൂപയായിരിക്കും പാലം പുനരുദ്ധാരണത്തിന് ഉപയോഗിക്കുക. എട്ട് മാസം കൊണ്ട് പണി പൂർത്തീകരിക്കാമെന്നാണ് ഇ. ശ്രീധരന്റെ കണക്കുകൂട്ടൽ.
ആശ്വസിച്ച് നഗരം
മെട്രോ പദ്ധതി പൂർത്തിയാക്കിയ ഇ. ശ്രീധരൻ പാലാരിവട്ടം പാലം പുനരുദ്ധാരണം ഏറ്റെടുത്തത് നഗരവാസികൾക്ക് ആശ്വാസമാകും. ജനങ്ങൾക്ക് പരമാവധി വിഷമങ്ങൾ കുറച്ചും സുരക്ഷിതമായും മെട്രോ നിർമ്മിച്ച ഇ. ശ്രീധരനും ഡി.എം.ആർ.സിയും പാലം പണിയുന്നത് വിശ്വാസ്യത വർദ്ധിപ്പിക്കും.