ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങളിൽ സെൻസസ് നടത്താനൊരുങ്ങി നേപ്പാൾ.
എന്നാൽ ഈ നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
നേപ്പാൾ സംഘത്തെ ഇന്ത്യൻ പ്രദേശത്ത് പ്രവേശിപ്പിക്കില്ലെന്ന് പിത്തോറഗഡ് ജില്ലാഭരണകൂടവും പ്രതികരിച്ചു.
10 വർഷം കൂടുമ്പോഴാണ് നേപ്പാളിൽ സെൻസസ് നടക്കുന്നത്. അടുത്ത വർഷം മേയിലാണ് ഇനി സെൻസസ് നടക്കേണ്ടത്. നാഷണൽ പ്ലാനിംഗ് കമ്മിഷൻ, സെൻട്രൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് രാജ്യവ്യാപകമായി സർവേ സംഘടിപ്പിക്കുന്നത്. നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തിലെ ‘ഇന്ത്യാവിരുദ്ധ ഘടകങ്ങൾ’ ആണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിലും സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
സെൻസസിനുള്ള ചോദ്യാവലി തയാറായിക്കഴിഞ്ഞു. എല്ലാ വീടുകളിലും നേരിട്ടു പോയി വിവരം ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗങ്ങളും തേടുന്നുണ്ട്.