ദന്ത ഡോക്ടർമാർ പ്രതിസന്ധിയിൽ
ആലപ്പുഴ: പല്ലു പറിക്കാനും പോട് അടയ്ക്കാനും ആളെത്തുമ്പോൾ കതകടയ്ക്കണോ, കൈനീട്ടി സ്വീകരിക്കണോ എന്ന ആശങ്കയിലാണ് ദന്ത ഡോക്ടർമാർ. മുന്നിലിരിക്കുന്ന ആളിന്റെ പ്രാഥമിക പരിശോധനയ്ക്ക് വായ തുറക്കാൻ പറയുമ്പോൾ, കൊറോണ വൈറസിന്റെ കണ്ടുപരിചയിച്ച ചിത്രമാണ് ഡോക്ടർമാരുടെ മനസിൽ തെളിയുന്നത്! അതുകൊണ്ടുതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് ദന്ത ചകിത്സാമേഖല.
ദന്തൽ ക്ലിനിക്കുകളുടെ പ്രവർത്തനം ആരംഭിച്ചത് പല്ലുവേദനക്കാർക്ക് ആശ്വാസമായെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയാണ് ഡോക്ടർമാർ. പി.പി.ഇ കിറ്റുകളുടെ ചെലവ് വേറെ. പല സ്ഥാപനങ്ങളിലും വരുമാനത്തിൽ 50 ശതമാനം വരെ ഇടിവുണ്ട്. ഒരേ സമയം രണ്ട് രോഗികളെ ഒരുമിച്ച് പരിശോധിക്കാൻ നിലവിൽ സാദ്ധ്യമല്ല. കൊവിഡിന് മുമ്പായിരുന്നെങ്കിൽ, പല്ലെടുക്കേണ്ട രോഗിക്ക് കുത്തിവയ്പ് നൽകി അടുത്ത ആളെ പ്രവേശിപ്പിക്കുമായിരുന്നു. നിലവിൽ ഒരു സമയം ഒരാൾക്ക് മാത്രമാണ് പരിശോധന.
ഭൂരിഭാഗം ദന്തൽ ക്ലിനിക്കുകളും ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനുമാവുന്നില്ല. പൊതുവേ തിരക്കു കുറഞ്ഞ പല ക്ലിനിക്കുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കൊവിഡ് രോഗമുള്ളവർ, അത് തിരിച്ചറിയും മുമ്പ് പരിശോധനയ്ക്കെത്തിയാൽ ഡോക്ടർ ഉൾപ്പെടെ ക്ളിനിക്കുകളിലെ മുഴുവൻ ജീവനക്കാരും ക്വാറന്റൈനിൽ പോകേണ്ടിവരും. രണ്ടിൽ കുറയാതെ സഹായികൾ ഓരോ ക്ലിനിക്കിലും ഉണ്ട്.
നിറുത്തി, പലതും
പല ക്ലിനിക്കുകളിലും പല്ല് വൃത്തിയാക്കൽ, ഫില്ലിംഗ് എന്നിവ നിറുത്തി വച്ചിരിക്കുകയാണ്. പല്ല് വൃത്തിയാക്കാൻ വെള്ളം ചീറ്റണം. ഇത് സ്രവം തെറിക്കാൻ ഇടയാക്കും.ഫില്ലിംഗിന് വെള്ളവും വായുവുമാണ് ഉപയോഗിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് പരിശോധന നടത്തുന്നത് ചെലവേറിയതിനാൽ പലരും ഇത് രണ്ടും ഒഴിവാക്കി.
നിരക്ക് (കൊവിഡിന് മുമ്പ്, നിലവിൽ)
വൃത്തിയാക്കൽ: 1000- 2000
ഫില്ലിംഗ്: 700- 1700
വിദേശികളുമില്ല
കേരളത്തിലെ ദന്ത ചികത്സയ്ക്ക് നിരക്ക് കുറവാണെന്നതിനാൽ ടൂറിസ്റ്റുകളായെത്തുന്ന വിദേശികൾ ചികിത്സ നടത്താറുണ്ടായിരുന്നു. സിംഗപ്പൂർ,സൗദി സ്വദേശികളാണ് ദന്ത ചികിത്സയ്ക്ക് ജില്ലയിൽ എത്തിയിരുന്നത്. ടൂർ പാക്കേജിലും ചികിത്സ സംവിധാനം ഉൾപ്പെട്ടിട്ടുണ്ട്. റൂട്ട് കനാൽ, സർജറി, കമ്പിയിടൽ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകൾ ടൂർ ഓപ്പറേറ്റർമാർ നൽകിയിരുന്നു.
കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടാണ് ദന്തഡോക്ടർമാർ അനുഭവിക്കുന്നത്. എന്നിരുന്നാലും അതീവ സുരക്ഷയോടെ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്
(ഡോ. ജിഹാനുദ്ദീൻ, ഇന്ത്യൻ ദന്തൽ അസോ. മുൻ പ്രസിഡന്റ്)