ഒറ്റപ്പാലം: ഭാരതപ്പുഴയുടെ വൈജ്ഞാനിക ചരിത്രവും സംസ്കൃതിയും കൂട്ടിചേർത്ത് ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയമായൊരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കുന്നതിനായുള്ള 'നിളാനദീ വിജ്ഞാനകേന്ദ്രം' ഷൊർണൂരിൽ ലോക നദീ ദിനമായ ഇന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം.രാജീവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നിളയുടെ പുനരുജ്ജീവനത്തിനായി പ്രാദേശിക ജനതയെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റ്ഡീസിന്റെ സഹകരണത്തോടെ സ്വദേശീ ശാസ്ത്ര പ്രസ്ഥാനവും നിളാ വിചാരവേദിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിളാതീരത്തെ കലാവിഷ്കാരങ്ങൾ, സാഹിത്യം, പ്രാചീന ഉപകരണങ്ങൾ, തുടങ്ങിയവയുള്ള നിളാ മ്യൂസിയം, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടിയുള്ള അത്യാധുനിക റഫറൻസ് കേന്ദ്രമായ നിളാ പഠനഗവേഷണ കേന്ദ്രം, നിളാതീരത്തെ 175 പഞ്ചായത്തുകളിലും 8 മുൻസിപ്പാലിറ്റികളിലും ലഭ്യമായ പ്രാദേശിക അറിവുകളുടെ വിഭവ സമാഹരണ കേന്ദ്രീകൃത സംവിധാനമായ നിളാ പുനരുജ്ജീവന മിഷൻ സെന്റർ, പ്രാദേശിക അറിവുകളെ ക്രോഡീകരിക്കുന്ന വിജ്ഞാൻ കേന്ദ്രം തുടങ്ങിയ കർമ്മ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ആദ്യഘട്ടമായി മൂന്നുവർഷക്കാലം പദ്ധതിക്ക് കേന്ദ്രസർക്കാർ സാമ്പത്തികസഹായം നൽകും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്ക് രൂപം നൽകാൻ കേന്ദ്ര ജലവിഭവവകുപ്പ് ജലവിഭവകമ്മിഷനെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് നിളാ വിജ്ഞാന കേന്ദ്രത്തിന് സർക്കാർ അനുമതി നൽകിയത്.
ഡോ. എ.ആർ.ആർ.മേനോന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പദ്ധതി നടപ്പിലാക്കുക. ഷൊർണൂരിൽ നിളാതീരത്ത് സജ്ജീകരിച്ച കേന്ദ്രത്തിലാണ് പദ്ധതി മേൽനോട്ടം. പ്രാദേശിക പുഴയറിവുകളും, പുഴ പുസ്തകങ്ങളും പങ്കുവെയ്ക്കാൻ കഴിയുന്നവർക്കും, നിളാവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും, പരിസ്ഥിതി പ്രവർത്തകർക്കും നിളാ വിജ്ഞാൻ കേന്ദ്രത്തിൽ പങ്കാളികളാവാം.