സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ മലപ്പുറം വീണ്ടും ഞെട്ടിച്ചു. ആദ്യ പത്ത് റാങ്ക് നേടിയ മിടുമിടുക്കരിൽ മലപ്പുറത്ത് നിന്നും മൂന്നുപേർ. ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും. ആകെ പരീക്ഷയെഴുതിയ 9,742 പേരിൽ 5,812 പേരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. വിജയ ശതമാനം 60. എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്നാംറാങ്ക് നേടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ പി. നിയാസ് മോൻ, ഏഴാം റാങ്ക് നേടിയ മുസ്ലിയാരങ്ങാടിയിലെ എൻ.തസ്ലിം ബാസിൽ, ഒമ്പതാം റാങ്കുകാരനായ വാലില്ലാപ്പുഴ കൂട്ടോളിയിലെ യു.മുഹമ്മദ് നിഹാദ് എന്നിവരാണ് മലപ്പുറത്തിന്റെ അഭിമാന താരങ്ങൾ. അടുത്തകാലത്തെ മലപ്പുറത്തിന്റെ വിദ്യാഭ്യാസ ചരിത്രമറിയുന്നവർക്ക് ഒരുപക്ഷെ ഇതു വലിയ അത്ഭുതമായി തോന്നണമെന്നില്ല. മെഡിക്കലിലും എൻജിനീയറിംഗിലും ഒന്നാംറാങ്ക് തന്നെ മലപ്പുറത്തെ മിടുക്കർ നേടിയിട്ടുണ്ട്. ഇരു റാങ്ക് പട്ടികകളിലും ആദ്യ പത്തിലും നൂറിലും ഇടംപിടിച്ചവരുടെ എണ്ണത്തിലും മലപ്പുറം ഏറെ മുന്നിലായിരുന്നു. എന്നാൽ ഇത് മലപ്പുറത്തിന്റെ കളർഫുൾ കാലത്തെ ചിത്രം. 2000ത്തിലേക്ക് കടന്നപ്പോൾ പോലും മലപ്പുറത്തെ ഉന്നത വിദ്യാഭ്യാസ കാഴ്ച്ചകൾ ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നെന്നത് തിരിച്ചറിയുമ്പോഴേ നിലവിലെ മുന്നേറ്റത്തിന്റെ ആഴം ബോദ്ധ്യമാവൂ.
പതിനെട്ട് തികയും മുൻപേ മണവാട്ടിയാവാൻ വിധിക്കപ്പെട്ടവരുടെ ഇടയിൽ നിന്ന് ഐ.ഐ.ടികളിലേക്കും എയിംസിലേക്കും രാജ്യത്തെ ഉന്നത കലാലയങ്ങളിലേക്കും പെൺകുട്ടികൾ പറന്നുയരുന്ന കാഴ്ച്ചയാണ് ഏറെ ഭംഗിയും അഭിമാനവും പകരുന്നത്. ജില്ലയിലെ പ്രധാന എൻജിനീയറിംഗ് കോളേജുകളിൽ 60 ശതമാനത്തിന് മുകളിൽ പെൺകുട്ടികളാണ്. യാഥാസ്ഥിതിക വിഭാഗമെന്ന് മുദ്രകുത്തപ്പെട്ട സംഘടനയുടെ കീഴിലുള്ള എൻജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 80 ശതമാനവും പെൺകുട്ടികളാണ്. അടുക്കളയുടെ ചുമരുകളല്ല, അതിരുകളില്ലാത്ത പുറംലോകമാണ് തങ്ങളുടേതെന്ന പെൺതലമുറയുടെ ചിന്തയും ഇതിന് പിന്തുണയേകുന്ന രക്ഷിതാക്കളുമാണ് മലപ്പുറത്തിന്റെ മാറ്റത്തിന് കരുത്തേകുന്നത്.
മിക്ക ജില്ലകളും മെഡിക്കലിലും എൻജിനീയറിംഗിലും ഏറെ മുന്നേറിയപ്പോൾ റിപ്പീറ്റിലെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള പെടാപ്പാടിലായിരുന്നു 2000 വരെ മലപ്പുറം. ഇക്കാലയളവിൽ മലപ്പുറത്ത് ഒരു എൻട്രൻസ് പരിശീലന കേന്ദ്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും എൻട്രൻസിലെ ശ്രദ്ധക്കുറവിന്റെ ഉദാഹരണമാണ്. എൻട്രൻസ് തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തതും പഠനം ഏറെ ചെലവേറിയതുമാണെന്ന ധാരണ പല രക്ഷിതാക്കളെയും സ്വാധീനിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ അമ്മമാരായവർക്ക് കുട്ടികളെ ഏതു രീതിയിൽ നയിക്കണമെന്നതിലും വലിയ ധാരണയുണ്ടായിരുന്നില്ല. കുടുംബനാഥൻ പ്രവാസിയായ കുടുംബങ്ങളിൽ ചുമതലകളുടെ വലിയ ഭാരം തന്നെ അമ്മമാർക്കുണ്ടാവും. എൻജിനീയറിംഗ് എന്നാൽ ഐ.ടി.ഐയും പോളിടെക്നിക്കിലും ഒതുങ്ങി. മെഡിസിൻ പഠനം പാരാമെഡിക്കൽ കോഴ്സുകളിലും തീർന്നു.
പഠനത്തിൽ മിടുക്കരായ പെൺകുട്ടികളെപ്പോലും ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്ന രീതിക്ക് മാറ്റം വന്നതും പ്രവാസത്തിലൂടെ കൈവന്ന സാമ്പത്തിക ഉന്നതിയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധവും ജില്ലയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വലിയ ചിറകേകി. ആദ്യ നൂറ് പേരുടെ റാങ്ക് ലിസ്റ്റിൽ പോലും ഇടംപിടിക്കാതിരുന്നവരുടെ ഇടയിൽ നിന്നും 2004 ലെ സംസ്ഥാന എൻജിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് പുറത്തു വന്നപ്പോൾ ഒന്നും രണ്ടും റാങ്കുകളുമായി മലപ്പുറത്തെ മിടുക്കർ ഏവരെയും ഞെട്ടിച്ചു. ശ്രമിച്ചാൽ നേടാനാവുമെന്ന ചിന്ത പുതുതലമുറയ്ക്ക് നൽകുന്നതിൽ ഈ വിജയം ചെറുതല്ലാത്ത സ്വാധീനമുണ്ടാക്കി. 2010ൽ എൻജിനീയറിംഗ് എൻട്രൻസ് യോഗ്യത നേടിയവരിൽ ആദ്യ നൂറിൽ മലപ്പുറത്തിന്റെ സ്ഥാനം വട്ടപൂജ്യമായിരുന്നു. നാല് വർഷങ്ങൾക്കപ്പുറം ഒന്നാംസ്ഥാനവും. 2020 റാങ്ക് ലിസ്റ്റ് വരെ മലപ്പുറം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ തുടർച്ചായി സ്ഥാനം പിടിക്കുന്നുണ്ട്.
മാറ്റം ചെറുതല്ല
2001ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ നൂറ് കുട്ടികളിൽ 77 പേരും തോറ്റു. 2014ൽ എത്തിയപ്പോൾ വിജയശതമാനം സംസ്ഥാന ശരാശരിക്ക് മുകളിൽ. 94.6 ശതമാനം. എസ്.എസ്.എൽ.സിയിലും പ്ലസ്ടുവിലും ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്നവരുടെ ജില്ലയെന്ന ഖ്യാതി തുടർച്ചയായി മലപ്പുറം നിലനിർത്തുന്നുണ്ട്. ഇതിൽ തലയെടുപ്പോടെ മുന്നിലുള്ളത് പെൺകുട്ടികളാണ്. ബാല്യ വിവാഹങ്ങളോട് ഉറച്ച ശബ്ദത്തോടെ നോ പറയാനും പഠിച്ചുയരാനുള്ള ലോകം സ്വപ്നം കാണുകയും ചെയ്യുന്ന പെൺതലമുറയാണ് മലപ്പുറത്തിന്റെ കരുത്ത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾ വ്യത്യാസമില്ലാതെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം അഞ്ച് വർഷത്തിനിടെ പലയിരട്ടിയായി വർദ്ധിച്ചതായി വിദ്യാഭ്യാസ കൗൺസിലിംഗ് രംഗത്തെ സന്നദ്ധ സംഘടനയായ സിജിയുടെ ഭാരവാഹികൾ പറയുന്നു. 2010 വരെ ഐ.ഐ.ടിയെ കുറിച്ച് ചിന്തിക്കാതിരുന്നവരുടെ ഇപ്പോഴത്തെ ചർച്ച, രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനമായ ബിറ്റ്സ് പിലാനിയിലെ അഡ്മിഷനെ കുറിച്ചാണ്. എട്ടാം ക്ലാസുകാരന് ഐ.ഐ.ടി ഫൗണ്ടേഷൻ കോഴ്സുകൾ നൽകുന്ന നിരവധി സ്കൂളുകൾ ഇന്ന് മലപ്പുറത്തുണ്ട്. 2025 ഓടെ അവിശ്വസനീയമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്ന് ഈ മേഖലയിൽ സൗജന്യ കോച്ചിംഗ് നൽകുന്ന സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകർ പറയുന്നു. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഐ.ഐ.ടി ഫൗണ്ടേൻ കോഴ്സിനുള്ള സ്വീകാര്യത അടുത്തിടെ വലിയ തോതിൽ വർദ്ധിച്ചതായി ജില്ലയിലെ പ്രമുഖ കോച്ചിംഗ് സ്ഥാപന അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.