കോട്ടയം : ലോക്ക്ഡൗണിന് പിന്നാലെ ജില്ലയിൽ ഓൺലൈൻ ഭക്ഷണ വിതരണം 25 ശതമാനം വർദ്ധിച്ചതായി കണക്കുകൾ. ഇത് ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചു. വരുമാനനഷ്ടത്തെ തുടർന്ന് 25 ഓളം ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. 25000 രൂപയുടെ വരെ വില്പന നടന്നിരുന്ന പല ഹോട്ടലുകളിലും കഷ്ടിച്ച് 2500 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ഓൺലൈൻ വഴി ഭക്ഷണം വിതരണം ചെയ്യുന്ന സ്വകാര്യ ആപ്പുകളുടെ ഉപയോഗത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇത് കൂടാതെ വിവിധ ഹോട്ടലുകളും സ്വകാര്യ വ്യക്തികളും ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്നുണ്ട്. നേരത്തെ രണ്ടുശതമാനം ആളുകൾ മാത്രമായിരുന്നു ഓൺലൈൻ വഴിയും ഫോൺ വഴിയുമുള്ള ഭക്ഷണത്തെ ആശ്രയിച്ചിരുന്നത്.
തട്ടുകടകളിലും കച്ചവടം താഴോട്ട്
ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച ശേഷം തട്ടുകടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു. രാത്രി കാലത്ത് നഗരത്തിലിറങ്ങുന്നവരിൽ ഏറെയും ചെറുകിട തട്ടുകടകളെയാണ് ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ തട്ടുകടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു. പലയിടത്തും ചെറിയ രീതിയിൽ തട്ടുകടകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ കച്ചവടമില്ല.