കുറഞ്ഞ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല
ആലപ്പുഴ: ജില്ലയിൽ 500 രൂപയ്ക്ക് താഴെയുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം രണ്ടുമാസം പിന്നിട്ടതോടെ ആവശ്യക്കാർ വലയുന്നു. ഒരാഴ്ചകൂടി തൽസ്ഥിതി തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്. പത്രങ്ങൾ അച്ചടിക്കുന്ന മഹാരാഷ്ട്ര നാസിക്കിലെ പ്രസിന്റെ പ്രവർത്തനം കൊവിഡിനെത്തുടർന്ന് അവതാളത്തിലായതാണ് പ്രധാന കാരണം.
50,100 മുദ്രപ്പത്രങ്ങൾക്ക് പകരം സ്റ്റോക്കിരിക്കുന്ന 5 രൂപ പത്രം 50 രൂപയാക്കി റീവാല്യുവേറ്റഡ് എന്ന സീൽ പതിച്ച് ഒപ്പിട്ടാണ് ട്രഷറി, സബ്ട്രഷറി എന്നിവിടങ്ങൾ വഴി വില്പന നടത്തുന്നത്. പലരും 500 രൂപ പത്രം വാങ്ങാനും നിർബന്ധിതരാവുന്നു. 5 രൂപ പത്രത്തിന്റെ പേപ്പർ പഴക്കം ചെന്നതിനാൽ പെട്ടെന്ന് നശിക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഭൂരിഭാഗം ആധാരമെഴുത്ത് ഓഫീസുകളിൽ റീവാല്യുവേറ്റഡ് പത്രത്തിനും ക്ഷാമമായിത്തുടങ്ങി. 100 രൂപ പത്രത്തിന് ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. 200 രൂപ പത്രം വേണ്ട കരാറിനായി രണ്ട് 100 രൂപ പത്രം വച്ചാണ് എഴുതുന്നത്. 1980-85 കാലഘട്ടത്തിൽ നിറുത്തലാക്കിയതാണ് 200 ന്റെ പത്രം. സർക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ മുദ്രപ്പത്രമില്ലാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാർ. നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓൺലൈൻ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതർ ക്ഷാമം പരിഹരിച്ചത്. എന്നാൽ ആധാരമെഴുത്തുകാരുടെ എതിർപ്പിനെ തുടർന്ന് നടപടി പിൻവലിച്ചു..
വിലങ്ങനെ കൊവിഡ്
സംസ്ഥാനത്തെ ട്രഷറി, സബ്ട്രറികളിലുള്ള സ്റ്റാമ്പ് ഡിപ്പോകളിലേക്കാവശ്യമായ മുഴുവൻ മുദ്രപ്പത്രങ്ങളും തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് വിതരണം നടത്തുന്നത്. മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം നേരിട്ടാൽ ഇനം തിരിച്ചുള്ള വിവരം അടങ്ങിയ സ്റ്റേറ്റ്മെന്റ് നാസിക്കിലെ പ്രസിൽ അറിയിക്കുകയാണ് പതിവ്. പ്രസ് ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളു.
100 രൂപ പത്രം വേണ്ട കരാറുകൾ
വിലയാധാര കരാറുകൾ, വാഹനകരാറുകൾ, വാടക ചീട്ട്, ചിട്ടികൾ,കെ.എസ്.ഇ.ബി കണക്ഷനു വേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റിനു നൽകേണ്ട ബോണ്ട്, സത്യവാങ്മൂലം, തിരുത്തലുകൾ, ബാങ്കുകളിലെ വായ്പാ ഉടമ്പടികൾ
50 രൂപ പത്രം
സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾ,ജനന-മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
പത്രങ്ങളെത്താൻ ഒരാഴ്ചകൂടി വേണ്ടിവരും. കാലതാമസം എടുക്കും. എത്തുന്നതനുസരിച്ച് വിതരണം നടത്തും
(ജില്ലാ ട്രഷറി ഉദ്യോഗസ്ഥർ)
രണ്ട് മാസമായി തുടരുന്ന മുദ്രപ്പത്ര ക്ഷാമം മൂലം പ്രതിസന്ധിയിലാണ് ആധാരമെഴുത്ത് മേഖല. സാധാരണക്കാർ കൂടുതലും എത്തുന്നത് 500ൽ താഴെയുള്ള പത്രത്തിനാണ്
(വി..മുരളീധരൻ,ആധാരമെഴുത്ത്)