മുംബയ്: ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകളും വാട്സാപ് നമ്പരും തന്റേതാണെന്ന് സ്ഥിരീകരിച്ച ദീപിക പദുകോൺ ഒരിക്കലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരും ഇതേ നിലപാട് എടുത്തതായി എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
'വാട്സാപ് ചാറ്റുകൾ ഉപയോഗിച്ചിരിക്കുന്ന 'ഡൂബ്" (doob) എന്ന വാക്ക് ലഹരിമരുന്നിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ല. സിഗരറ്റുകളെക്കുറിച്ചാണത്. നടൻ സുശാന്ത് സിംഗ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അറിയില്ല." - നടിമാർ പറഞ്ഞു.
ലഹരി മരുന്നുകൾ നിറച്ച സിഗരറ്റിനെ കുറിക്കുന്ന 'ഡൂബ്" എന്ന പദം ചാറ്റിൽ ഉപയോഗിച്ചതാണ് സംശയത്തിന് ഇടയാക്കിയതെന്ന നടിമാരുടെ വാദം എൻ.സി.ബി മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്തു. ലഹരി മരുന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർതന്നെയായിരുന്നെന്ന് എൻ.സി.ബി വ്യക്തമാക്കിയിരുന്നു.
നടി രാകുൽ പ്രീത് സിംഗ് ലഹരി മരുന്ന് കൈവശം വച്ചതായി സമ്മതിച്ചിരുന്നു. ഒരിക്കൽ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തിക്കു വേണ്ടിയാണ് ലഹരി മരുന്ന് സൂക്ഷിച്ചതെന്നുമായിരുന്നു രാകുലിന്റെ മൊഴി.
രാകേഷ് അസ്താന എത്തി
ബോളിവുഡിലെ പ്രമുഖരിലേക്ക് അന്വേഷണം എത്തിയിരിക്കെ, എൻ.സി.ബി ഡയക്ടർ രാകേഷ് അസ്താന ഡൽഹിയിൽ നിന്നു മുംബയിലെത്തി. സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസിലെ മുൻ ജീവനക്കാരൻ ക്ഷിതിജ് രവി പ്രസാദിനെ അടുത്ത മാസം മൂന്ന് വരെ കോടതി എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു.