കുവൈറ്റ് സിറ്റി: കുവൈറ്റിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയും ഗൾഫിലെ സമാധാന ദൂതനുമായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് (91) അന്തരിച്ചു. അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലായിലാണ് അമേരിക്കയിലേക്ക് പോയത്.
2006 ജനുവരി 29നാണ് ഷെയ്ഖ് സബാഹ് കുവൈറ്റിന്റെ 15ാമത് അമീറായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ അർദ്ധസഹോദരനും കിരീടാവകാശിയുമായ ഷെയ്ക് നവാഫ് അൽ അഹമ്മദ് ( 83 ) പുതിയ അമീർ ആകും.
അമീർ ആകുന്നതിന് മുമ്പ് 40 വർഷം ഷെയ്ഖ് സബാഹ് വിദേശമന്ത്രിയായിരുന്നു. അതൊരു ലോക റെക്കാർഡാണ്. കുവൈറ്റിന്റെ വിദേശ നയം കരുപ്പിടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1990- 91ലെ ഗൾഫ് യുദ്ധത്തിൽ കുവൈറ്റിനെ ആക്രമിച്ച ഇറാക്കിനെ പിന്തുണച്ച രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാൻ മുൻകൈ എടുത്തു. വിദേശ മന്ത്രി പദം ലോക നേതാക്കളുമായി അടുപ്പിച്ചു. യു.എൻ രക്ഷാസമിതിയിലെ അഞ്ചു വൻശക്തികളുമായും ശക്തമായ ബന്ധം സ്ഥാപിച്ചു.ഖത്തറിനെതിരെ സൗദിയും യു.എ.ഇയും ബഹ്റൈനും ഈജിപ്റ്റും നിലപാടെടുത്തപ്പോൾ മദ്ധ്യസ്ഥനായത് ഷെയ്ഖ് സബാഹാണ്. ഭീകരതയ്ക്കെതിര ശക്തമായ നിലപാടെടുത്തിരുന്നു. സിറിയയുടെ ആഭ്യന്തര യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചു,.
സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഷെയ്ഖ് സബാഹിന്റേത്. 1929 ജൂൺ 26ന് ഷെയ്ഖ് അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റ നാലാമത്തെ മകനായി ജനനം. യൂറോപ്പിൽ ഉപരിപഠനം. 1954ൽ പൊതുപ്രവർത്തനത്തിന് തുടക്കം. സാമൂഹിക-തൊഴിൽ വകുപ്പ് ഡയറക്ടറായിരിക്കെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്പോർട്സ് ക്ലബുകൾ രൂപീകരിച്ചു. 1957ൽ പബ്ലിക്കേഷൻസ് ഡയറക്ടറായി. അപൂർവ പുസ്തകങ്ങളും രേഖകളും സംരക്ഷിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനൽകി മാദ്ധ്യമസ്വാതന്ത്ര്യത്തിന് കളമൊരുക്കി. ബ്രിട്ടനിൽനിന്ന് കുവൈറ്റിന് സ്വാതന്ത്ര്യം ലഭിച്ച 1961ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായി. 1962ൽ മന്ത്രിയായി. 63 മുതൽ വിദേശകാര്യമന്ത്രി. 2003ൽ പ്രധാനമന്ത്രിയായി.