തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും കാറിൽ 203 കിലോ കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക് എം.ആർ.എ 81 - ബി പ്രാർത്ഥനാ വീട്ടിൽ സിദ്ധാർത്ഥാണ് (22) അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് ആന്ധ്രയിൽ നിന്നും രണ്ടു കാറുകളിലായി കഞ്ചാവ് കടത്തിയ സംഘത്തെ ബാലരാമപുരത്തുവച്ച് എക്സൈസ് പിടികൂടിയത്. തലസ്ഥാനത്തെ കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്ത ആളാണ് സിദ്ധാർത്ഥ് എന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്. ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിനിടെ രക്ഷപ്പെട്ട മോൻസി, കഞ്ചാവ് പങ്കിട്ടെടുക്കാൻ തീരുമാനിച്ച പഞ്ചായത്ത് നട ഉണ്ണി, ഇടപാട് ജയിലിൽ കഴിഞ്ഞ് നിയന്ത്രിച്ചയാൾ, മറ്റു കൂട്ടാളികൾ എന്നിവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഹരികൃഷ്ണപിള്ള അറിയിച്ചു. എക്സൈസ് സി.ഐമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ്, ആർ.ജി. രാജേഷ്, കെ.വി. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.