ന്യൂഡൽഹി: ശൈത്യകാലവും ഉത്സവ സീസണുകളും ആരംഭിക്കാനിരിക്കെ ആവശ്യമായ മുൻകരുതലെടുത്തില്ലെങ്കിൽ കൊവിഡ് രണ്ടാംവ്യാപന സാദ്ധ്യതയെന്ന് ആരോഗ്യമന്ത്രാലയം. തണുപ്പുകാലം ഇതുപോലുള്ള വൈറസുകളുടെ വ്യാപനത്തിന് അനുകൂലമാണെന്ന് വിദഗ്ദ്ധ സമിതി അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. അതിനാൽ മാസ്ക് ധരിക്കലും കൈകഴുകലും ശാരീരിക അകലം പാലിക്കലും അടക്കമുള്ള മുൻകരുതൽ എടുക്കണം. ലോകവ്യാപകമായി കൊവിഡിന്റെ രണ്ടാംവ്യാപന സാദ്ധ്യത നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
15ൽ ഒരാൾക്ക് കൊവിഡെന്ന് സർവേ
രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം ഇപ്പോഴും കൊവിഡ് ബാധ ഭീഷണിയിലെന്ന് ഐ.സി.എം.ആർ. പത്തുവയസിന് മുകളിലുള്ള 15ൽ ഒരാൾക്ക് കൊവിഡ് ബാധിക്കുന്നതായി ഐ.സി.എം.ആർ രാജ്യവ്യാപകമായി നടത്തിയ രണ്ടാം സെറോ സർവേ ഫലം വ്യക്തമാക്കുന്നു. ജനസംഖ്യയിൽ വലിയ വിഭാഗത്തിനും കൊവിഡ് വരാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവർക്ക് രോഗം വരാനുള്ള സാദ്ധ്യത ഇരട്ടിയാണ്. വയസായവർ, മറ്റ് അസുഖങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്ക് രോഗംവരാനുള്ള സാദ്ധ്യത ഏറെയാണ് കരുതൽ വേണം. വലിയ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും കർശനമായി ഒഴിവാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കൊവിഡ് വ്യാപനം തടയുന്നതിൽ ലോക്ക്ഡൗണും കണ്ടെയ്ൻമെന്റ് നടപടികളും ഫലപ്രദമായെന്നും സർവേയിൽ കണ്ടെത്തി.
ആഗസ്റ്റ് 17 നും സെപ്തംബർ 22നും ഇടയിൽ പത്തിനും അതിന് മുകളിലും പ്രായമുള്ളവർക്കിടയിലാണ് സർവേ നടത്തിയത്. ആദ്യ സർവേ നടത്തിയ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലും വാർഡുകളിലുമാണ് രണ്ടാം സർവെയും നടത്തിയത്.