1. മുന്‍ മന്ത്രി കെ.എം മാണിക്ക് എതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്ന കേരള കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെ, ജോസ് കെ മാണിക്ക് എതിരെ ഗുരുതര ആരോപണവും ആയി ബിജു രമേശ് രംഗത്ത്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തു എന്നാണ് ബിജു രമേശിന്റെ ആരോപണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടികളാണ് തനിക്ക് നഷ്ടമായത് എന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും.
2. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരും ആയാണ്. കേസ് ഇല്ലായിരുന്നു എങ്കില്‍ കെ.എം മാണി മുഖ്യമന്ത്രി ആകും ആയിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരോപണത്തിന് ശേഷം പി.സി ജോര്‍ജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ.ഗ്രൂപ്പ് നേതാക്കളും പിസി ജോര്‍ജ്ജും ഗൂഢാലോചന നടത്തി എന്നാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
3. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവ് ഉണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ബാര്‍കോഴ കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കെ.എം മാണി അടക്കം കേരളാ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ച് ഇരുന്നതും ഇല്ല. യു.ഡി.എഫ് വിട്ട് ജോസ് കെ.മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ജോസ് കെ.മാണി ഒഴിഞ്ഞു മാറുക ആയിരുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് പറയുന്നത് അല്ലാതെ ആരുടെ എങ്കിലും പേരെടുത്ത് പറയാന്‍ കഴിഞ്ഞ ദിവസങ്ങളിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല എന്നും ബിജു രമേശ് പറഞ്ഞു.
4.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവത്തില്‍ നഴ്സിംങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് രാവിലെ ആണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാന്‍ ഇടയായ സംഭവം കൊവിഡ് മൂലം അല്ലെന്നും ജീവനക്കാരുടെ അനാസ്ഥ മൂലം ആണെന്നും ആശുപത്രി ജീവനക്കാരുടെ പേരില്‍ ശബ്ദ സന്ദേശം ഇറങ്ങിയത്. രോഗി മരിച്ചത് വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. നഴ്സിങ് ഓഫീസറുടെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഒരാളെ കോവിഡ് ബാധയെ തുടര്‍ന്ന് ഇവിടെ പവേശിപ്പിച്ചിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതിന് ശേഷമാണ് ആശുപത്രി നഴ്സിങ്ങ് ഓഫീസറുടേത് എന്ന പേരിലുള്ള ശബ്ദസന്ദേശം സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
5. സ്വര്‍ണ്ണക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യു.എ.ഇ കോണ്‍സലേറ്റ് മുന്‍ പി.ആര്‍.ഒ സരിതിന്റെ മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കി എന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും സരിത് എന്‍ഫോഴ്സ്‌മെന്റിനോട് പറഞ്ഞു. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിന് ആയിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനിടെ, കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
6. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കും എന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. നടുവേദനയില്‍ വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങള്‍ ഒന്നുമില്ല എന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സയില്‍ തീരുമാനം എടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിന്റെ നീക്കവും.
7.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണം എന്ന വാദം അംഗീകരിക്കാന്‍ സാധ്യം അല്ലെന്ന് കോടതി വ്യക്തമാക്കി. ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണ് എന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട് ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നതും ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു.സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആയിരുന്നു സര്‍ക്കാര്‍ വാദം.
8. ലേല നടപടികള്‍ സുതാര്യം അല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി ടൈലര്‍ മെയ്ഡ് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പ് ഇല്ലെന്ന് ആയിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. നേരത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കി ഇരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയും ആയി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുന്‍ നിറുത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നത് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |