മലയാലപ്പുഴ: ഒറ്റനോട്ടത്തിൽ കാപ്പിരി മുടി വെട്ടിയൊതുക്കിയ പോലെയാണ്, അന്തരീക്ഷത്തിൽ ഉയരുന്ന മഞ്ഞുകണങ്ങൾ കണ്ടാൽ ഏതോ തണുപ്പ് രാജ്യത്ത് എത്തിയെന്നും തോന്നും. ഹാരിസൺ മലയാളം പ്ലാന്റെഷനിലെ കുമ്പഴത്തോട്ടത്തിലെ മലനിരകളാണിത്.
ഊട്ടിയേയും മൂന്നാറിനെയും അനുസ്മരിപ്പിക്കുന്ന കാഴ്ചകൾ. കുറുമ്പറ്റി, വട്ടത്തറ ഡിവിഷനുകളിലെ റബ്ബർ റീപ്ലാന്റ് ചെയ്ത ഭാഗങ്ങളിലെ കൈതച്ചക്കകൃഷി ചെയ്യുന്ന സ്ഥലങ്ങളാണിത്. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയ്ക്ക് സമീപത്താണ് ഇൗ മലനിരകൾ. ഇവിടെ വിളയുന്ന കൈതച്ചക്കകൾ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 1980 വരെ തേയില തോട്ടങ്ങളായിരുന്ന ഏറിയ ഭാഗവും റബ്ബറിന് വഴിമാറിയെങ്കിലും വിലയിടിവിനെ തുടർന്ന് ഇപ്പോൾ കൈതച്ചക്ക കൃഷിക്ക് നിലമൊരുക്കുകയായിരുന്നു. വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ മയിൽ, കാട്ടുപന്നി, കേഴ, കാട്ടുക്കോഴി, മലയണ്ണാൻ എന്നിവയെയും ഇവിടെ കാണാൻ കഴിയും. മയിലുകൾക്ക് പുറമേ വിവിധ തരത്തിലുള്ള പക്ഷികളുമുണ്ട്. മലമടക്കുകളിലെ ചെറുതോടുകൾ കല്ലാറ്റിലേക്ക് ഒഴുകി ഇറങ്ങുകയാണ്. മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ വിവിധതരം ചെടികളും ഔഷധസസ്യങ്ങളും വളരുന്നു. കുന്നിന്ന് മുകളിൽ ബ്രട്ടീഷുകാർ പണികഴിപ്പിച്ച എസ്റ്റേറ്റ് ബംഗ്ലാവുമുണ്ട്.
കാണാനേറെ കാഴ്ചകൾ
അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ലാറ്റക്സ് ഫാക്ടറിയുടെ സമീപത്ത് നിന്ന് കൈവഴിതിരിഞ്ഞ് സഞ്ചരിച്ചാൽ ഇവിടെയെത്താം. മലമുകളിൽ നിന്ന് മറുകരയിലെ വനവും വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന കല്ലാറും കാണാം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ബ്ലാപ്പില വെള്ളച്ചാട്ടത്തിലെത്താൻ കഴിയും. കല്ലാറിലെ ചേറുവാളയെ സുന്ദരിയാക്കുന്ന ബ്ലാപ്പില വെള്ളച്ചാട്ടം കാണാനെത്തുവർ ഇവിടെയുമെത്തുന്നുണ്ട്. രാവിലെ കോടമഞ്ഞും വൈകിട്ട് അസ്തമന സൂര്യന്റെ ചെങ്കതിരും ഈ മലനിരകളെ സുന്ദരിയാക്കുന്നു.