ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഇന്നലെ ആകെ 30,548 പേർക്ക് മാത്രമാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്. നാല് മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിലേക്ക് എത്തുന്നത് ആദ്യമായാണ്. 8.61 ലക്ഷം സാമ്പിൾ പരിശോധനകളാണ് ഇന്നലെ നടന്നത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,070 ആയി. നിലവിൽ 4,65,478 സജീവ കേസുകളാണ് രാജ്യത്തുളളത്. ഇതുവരെ 82,49,579 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിൽ 43,851 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.
നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളളത് മഹാരാഷ്ട്രയിലാണ്. കർണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുളള സംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഡൽഹിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയർത്താൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിച്ചു. നിലവിൽ അറുപതിനായിരമാണ് പ്രതിദിന പരിശോധന. ആർ ടി പി സി ആർ പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ കേന്ദ്രീകരിച്ച് ഐ സി എം ആറിന്റേയും ആരോഗ്യ മന്ത്രാലയത്തിന്റേയും മൊബൈൽ ടെസ്റ്റിംഗ് വാഹനങ്ങൾ സജ്ജമാക്കും. ഡി ആർ ഡി ഒ സെന്ററിൽ 750 അധിക കിടക്കകൾ സജ്ജമാക്കാനും നിർദേശം നൽകി.