കൊച്ചി: സ്വർണക്കടത്ത്, ലൈഫ്മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതെന്ന് എം. ശിവശങ്കർ. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും, കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ശിവശങ്കർ ഇക്കാര്യങ്ങൾ പറയുന്നത്.
എൻഫോഴ്സ്മെന്റിന്റെ സമ്മർദ്ദങ്ങൾ വഴങ്ങാത്തതതാണ് അറസ്റ്റിന്റെ പ്രധാനകാരണം. സ്വപ്നയും തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂർണ്ണരൂപവും ശിവശങ്കർ രേഖമൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങൾ പരിശോധിക്കണം. താൻ ഒരു കസ്റ്റംസ് ഓഫീസറേയും സ്വർണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം.
അതേസമയം, ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലിൽ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജില്ലാ ജയിലിലെത്തിയത്. ചോദ്യം ചെയ്യൽ അഞ്ചു മണിവരെ നീളുമെന്നാണ് സൂചന.