തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 95.8 ശതമാനം സ്കോറോടെ കണ്ണൂർ മാട്ടൂൽ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം (സ്കോർ 95.3) കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (93.5), കോട്ടയം വാഴൂർ കുടംബാരോഗ്യ കേന്ദ്രം (92.9) ,കണ്ണൂർ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം (92.1), മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ( 83.3)എന്നിവയാണ് ബഹുമതി നേടിയത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടാനായത്.
ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കയ്യൂർ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോറോടെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ജില്ലാതല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്കോർ നേടി കോഴിക്കോട് ഡബ്ല്യൂ ആൻഡ് സി ആശുപത്രിയും, സബ് ജില്ലാ ആശുപത്രികളിൽ 98.7 ശതമാനം സ്കോർ നേടി ചാലക്കുടി താലൂക്ക് ആശുപത്രിയും ഒന്നാമതായി. കണ്ണൂർ ജില്ലയിലെ 18 സ്ഥാപനങ്ങൾക്കാണ് എൻ.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്.
രണ്ട് ലക്ഷം ഇൻസെന്റീവ്
എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.