ഭോപ്പാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താനായി ധനസമാഹരണത്തിനുള്ള ഒരുക്കത്തിലാണ് മദ്ധ്യപ്രദേശിലെ ഗോ മന്ത്രിസഭ. കഴിഞ്ഞ ദിവസം ചേർന്ന ആദ്യ സമ്മേളനത്തിലാണ് ധനസമാഹരണത്തിന്റെ ഭാഗമായി ഗോ സെസ് ഏർപ്പെടുത്താൻ തീരുമാനമായത്. സംസ്ഥാനത്ത് രണ്ടായിരത്തോളം ഗോശാലകൾ ആരംഭിക്കുമെന്നും ഇവയുടെ പ്രവർത്തനങ്ങൾക്കായി ഗോ സെസ് ഈടാക്കുമെന്നുമാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചത്. പൊതുജനങ്ങൾക്ക് അധികഭാരമാകാത്ത രീതിയിലാകും സെസ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഉത്തരവിലൂടെയാണ് 'ഗോ മന്ത്രിസഭ' എന്ന മിനി മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ഗോ മന്ത്രിസഭ രൂപീകരിച്ചത്.