തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അഴിമതി കേസുകളിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് എൽ.ഡി.എഫിന് ബദൽ. യു.ഡി.എഫിന് എൽ.ഡി.എഫിനെ നേരിടാനുളള ത്രാണിയില്ല. സർക്കാരിനെതിരെ ആത്മാർത്ഥമായ നിലപാട് എടുക്കാൻ യു.ഡി.എഫിന് കഴിയില്ല. ഇടതുമുന്നണിയ്ക്ക് നേർക്കുനേർ മത്സരിക്കുന്നത് ബിജെപി മാത്രമാണ്. പലയിടത്തും കോൺഗ്രസ് സാന്നിദ്ധ്യം പോലുമില്ല. ആ കോൺഗ്രസിനെ വച്ച് പിണറായി വിജയനെ നേരിടാനാൻ യു.ഡി.എഫിന് കഴിയില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണ്. യു.ഡി.എഫ് ചിത്രത്തിൽ പോലുമില്ല.സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിലെ പോലെ കോൺഗ്രസ് സംസ്ഥാനത്ത് തകർന്നു തരിപ്പണമായി. ലീഗിന്റെ അപ്രമാദിത്വമാണ് ഐക്യമുന്നണിയിലുള്ളത്. കാലാകാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതിൽ ആശങ്കയുണ്ട്. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറിൽ കോൺഗ്രസ് ദുർബലമായെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ തിരഞ്ഞെടുപ്പിൽ അഴിമതി പ്രധാന ചർച്ചാ വിഷയമാകുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ ഒരുപോലെ അഴിമതിയാരോപണം ഉയർന്ന സമയമാണിത്. ബാർകോഴക്കേസിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തൽ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചതിന് തെളിവാണ്.
ബാർകോഴകേസ് അട്ടിമറിച്ചതുകൊണ്ട് പിണറായിക്ക് എന്ത് ലാഭമാണ് കിട്ടിയത്? മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും എതിരെ ആരോപണങ്ങൾ വരുന്നു.സംസ്ഥാന മന്ത്രിമാർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിക്ഷേപമുണ്ടെന്നാണ് വാർത്തകൾ വരുന്നത്. ധനമന്ത്രി കിഫ്ബിയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്. യുഡിഎഫ് നേതാക്കളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്.കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയമില്ല.സംസ്ഥാന ഏജൻസികൾക്കാണ് രാഷ്ട്രീയമുളളത്.സർക്കാരിന്റെ പാവയായി മാറിയിരിക്കുകയാണ് വിജിലൻസ്. ബാർകോഴക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണങ്ങൾ ആവിയായി പോയോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നെങ്കിൽ അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കാരണം കേന്ദ്രത്തിന്റെ പല പദ്ധതികളും പൂർണ്ണമായും ജനങ്ങളിലെത്തുന്നില്ല. ഇവിടങ്ങളിൽ നിന്നും അഴിമതിക്കാരെ പുറത്താക്കാൻ എൻ.ഡി.എക്ക് മാത്രമേ കഴിയുകയുളളുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.