കാഞ്ഞങ്ങാട്: തോണിയിൽ സഞ്ചരിച്ച് വോട്ട് തേടിയതിന്റെ ഓർമ്മയിലാണ് കാസർകോട്ടെ മുതിർന്ന ബി.ജെ.പി നേതാവ് കൊവ്വൽ ദാമോദരൻ. കാഞ്ഞങ്ങാട് സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടതിനു ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിലാണിത്.
1988 ലാണ് ആ തിരഞ്ഞെടുപ്പ്. 28 വാർഡുകളായിരുന്നു അന്ന്. അരയി പുഴയുടെ ഇരുകരയിലുമായുള്ള അരയിയും നിലാങ്കരയും ഉൾപ്പെടുന്നതായിരുന്നു വാർഡ്. അരയിപ്പുഴക്ക് അന്ന് പാലമില്ല. ചീനവള്ളമായിരുന്നു മറുകര കടക്കാനുള്ള ഏകമാർഗം. കൂളിയങ്കാലിലൈ കുഞ്ഞാമദിന്റെ ചീനിയിലായിരുന്നു യാത്ര. സി.പി.ഐയിലെ ചിണ്ടൻ മാസ്റ്ററായിരുന്നു എതിരാളി.
തോണിയിൽ കയറിയിറങ്ങിയുള്ള വോട്ടുതേടൽ വെറുതെയായില്ലെന്ന് ദാമോദരൻ പറയുന്നു. മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. മുസ്ലിം ലീഗിലെ കെ.എം. ഷംസുദ്ദിനായിരുന്നു ചെയർമാൻ. തന്നോടൊപ്പം പാർട്ടിയിലെ ഗോകുൽദാസ് കാമത്തും ജയിച്ചു. വൈസ്ചെയർമാൻ സി.കെ. ശ്രീധരനായിരുന്നു. കെ ഉമേശ് കാമത്തുമായി തുല്യ വോട്ട് നേടി ഒടുവിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച എം. കുഞ്ഞമ്പു നമ്പ്യാർ, മുസ്ലിംലീഗിൽ നിന്ന് കെ. അന്തുമായി ഹാജി, പി.വി. അബ്ദുൾ റഹ്മാൻ ഹാജി, സി.പി എമ്മിൽ നിന്ന് പി. അപ്പുക്കുട്ടൻ, കെ.വി. രാഘവൻ, അരീക്കര ഭാസ്കരൻ തുടങ്ങിയ നേതൃനിര അന്ന് കൗൺസിലിൽ ഉണ്ടായിരുന്നു.
ഹൊസ്ദുർഗ് ഷോപ്പിംഗ് കോംപ്ലക്സും കല്ലംചിറ റോഡും ഈ ഭരണ സമിതിയുടെ കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളാണ്. രാഷ്ട്രീയത്തിനതീതമായി വികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ ഭരണമായിരുന്നു അന്ന് കാഴ്ചവച്ചതെന്നും ദാമോദരൻ പറയുന്നു. ഇതിനുശേഷം 95 ൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് വാർഡിലായിരുന്നു മത്സരം. അന്നത്തെ കോൺഗ്രസിലെ യുവനേതാവ് എം. കുഞ്ഞികൃഷ്ണനോട് ആറു വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിയ ഇദ്ദേഹം ഇപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന കൗൺസിലറാണ്.