താഴഴിഞ്ഞ് ട്യൂഷൻ സെന്ററുകൾ
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ജില്ലയിലെ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ മിക്കതും അടുത്ത ആഴ്ചയോടെ തുറക്കും.
അടുത്ത ആഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, കമ്പ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് സർക്കാർ പ്രവർത്തനാനുമതി നൽകിയത്.
കമ്പ്യൂട്ടർ സെന്ററുകളും നൃത്ത പരിശീലന കേന്ദ്രങ്ങളും അടുത്ത ആഴ്ചയോടെ സജീവമാകുമെന്നാണ് പ്രതീക്ഷ. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഹാളിന്റെ ആകെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ 100 പേർ എന്ന തരത്തിൽ പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. കൊവിഡ് വ്യാപനത്തിന് നിയന്ത്രണം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ക്ലാസുകളുടെ പ്രായോഗിക നടത്തിപ്പ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
വരുമാനം നിലച്ചിട്ട് പത്തുമാസം
സമാന്തര വിദ്യാഭ്യാസ മേഖലയിലെ ആയിരങ്ങളുടെ വരുമാനം നിലച്ചിട്ട് പത്ത് മാസത്തോളമായി. കൊവിഡ് വ്യാപനം തുടങ്ങിയ മാർച്ചിൽ ക്ലാസുകൾ നിലച്ചത് മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകർ ദുരിതത്തിലും പട്ടിണിയിലുമായി. ഓൺലൈൻ ക്ലാസുകൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല.
ട്യൂഷൻ സെന്ററുകൾ സജീവമാകും
1. ഡിസംബർ 17 മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അദ്ധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കാർ നിർദേശം
2. എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
3. അതിനാൽ ട്യൂഷൻ സെന്ററുകളെ കൂടുതൽ കുട്ടികളും ആശ്രയിക്കും
4. നിലവിൽ കോർണർ - ഓൺലൈൻ ക്ലാസുകളാണ് ട്യൂഷൻ സെന്ററുകൾ ഉപയോഗിക്കുന്നത്
5. കൊവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്
''
ട്യൂഷൻ സെന്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നു. പൂർണമായും കൊവിഡ് മാനദണ്ഡം ഉറപ്പാക്കി ക്ലാസുകൾ നടത്തും.
ആർ.സുഭാഷ്
പാരലൽ കോളേജ് അദ്ധ്യാപകൻ