തൃശൂർ: തിരഞ്ഞെടുപ്പുകാലത്ത് മതിയായ ട്രാഫിക് സുരക്ഷാ സംവിധാനം ഒരുക്കാത്തതിനാൽ നഗരത്തിലെത്തുന്നവർ വട്ടം കറങ്ങുന്നു. കൊവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ നഗരത്തിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതനുസരിച്ചുള്ള ക്രമീകരണം നടത്താത്തതാണ് കുരുക്കിന് കാരണം.
നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും അടച്ചിട്ട സബ്വേകൾ തുറക്കാൻ കോർപറേഷൻ തയ്യാറായിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് സബ് വേ അടച്ചത്. സബ്വേകൾ തുറക്കാത്തതിനാൽ സ്വരാജ് റൗണ്ടിലും എം.ഒ റോഡിലും റോഡിന് കുറുകെ കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ടിവരുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. എം.ഒ റോഡിലും സ്വരാജ് റൗണ്ടിലും സബ്വേകൾ സ്ഥാപിച്ചതിന്റെ ഭാഗമായി റോഡുകളുടെ ഇരുവശവും ഇരുമ്പ് ഫ്രെയിം കൊണ്ട് അടച്ചുകെട്ടിയതാണ് പ്രയാസം കൂട്ടുന്നത്. എം.ഒ റോഡിലാണ് ഏറെ ദുരിതം.
തിരഞ്ഞെടുപ്പ് അടുത്തതും തൃശൂരിലെ ചന്തകൾ തുറന്നതും തിരക്ക് വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇളവുകൾ വന്നതോടെ ആഭരണ - വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. സ്കൂൾ തുറക്കാത്തതിനാൽ ഷോപ്പിംഗിന് ഇറങ്ങുന്നവർ മിക്കവരും കുട്ടികളെയും കൊണ്ടാണ് നഗരത്തിലെത്തുന്നത്.
ട്രാഫിക് ഐലന്റുകളും വെറുതെ
ട്രാഫിക് ഐലന്റുകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. നഗരത്തിലെ മിക്ക സീബ്രാലൈനുകളും മാഞ്ഞുപോയ നിലയിലാണ്. തിരക്കിന് ആനുപാതികമായി ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
കൊവിഡ് പശ്ചാത്തലത്തിലാണ് സബ്വേകൾ അടച്ചിട്ടത്. സബ്വേകൾ ചട്ടങ്ങളോടെ തുറന്നു പ്രവർത്തിക്കുക ദുഷ്കരമാണ്. കൊവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ സബ്വേകൾ തുറക്കും'
അജിത ജയരാജൻ, സി.പി.എം
' ജനബാഹുല്യം കണക്കിലെടുത്ത് സബ്വേകൾ അടിയന്തരമായി തുറക്കാൻ കളക്ടർ ഇടപെട്ട് നടപടി സ്വീകരിക്കണം. ഇക്കാര്യം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സബ്വേകൾ തുറക്കുന്നതോടൊപ്പം ചട്ടങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുകയും വേണം'
രാജൻ ജെ. പല്ലൻ, കോൺഗ്രസ്
'ജനങ്ങൾ കൂടുതലായി എത്തുന്ന സാഹചര്യമുണ്ട്. സബ്വേകൾ തുറന്നു നൽകണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുകയും എല്ലാ ദിവസവും വൈകീട്ട് സബ്വേകൾ അണുവിമുക്തമാക്കുകയും വേണം'
കെ. മഹേഷ്, ബി.ജെ.പി