പയ്യന്നൂർ: യു.ഡി.എഫിന് എന്നും ബാലികേറാമലയായ പയ്യന്നൂർ ഇടതിനു പരമ്പരാഗത കോട്ടയാണ്. സീറ്റുകൾ വർദ്ധിപ്പിക്കാൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും കടുത്ത പോരാട്ടം കാഴ്ചവെക്കുകയാണ് ദേശീയപ്രസ്ഥാനത്തിന്റെ സമുജ്ജ്വല അദ്ധ്യായം രചിച്ചതാണ് പയ്യന്നൂരിലെ മണ്ണ്. എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർത്ഥികൾ രണ്ടുവട്ടം വീടുകളിലെത്തി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥന നടത്തി കഴിഞ്ഞു. നേരിൽ കാണാൻ കഴിയാതെ പോയ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുയാണ് സ്ഥാനാർത്ഥികൾ.
അഡ്വ. ശശി വട്ടക്കൊവ്വൽ ചെയർമാനും കെ.പി.ജ്യോതി വൈസ് ചെയർമാനുമായുള്ള സമിതിയാണ് കഴിഞ്ഞതവണ ഭരണ സാരഥ്യം വഹിച്ചത്. മുൻ ചെയർപേഴ്സൺ കെ.വി. ലളിതയെ കാനായി സൗത്ത് വാർഡിൽ എൽ.ഡി.എഫ് ഇത്തവണ ഇറക്കിയിട്ടുള്ളത് അദ്ധ്യക്ഷപദവിയിലേക്ക് ലക്ഷ്യമിട്ടാണ്. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൂടുതൽ സീറ്റ് നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
എന്നാൽ വികസനമെന്നത് വെറും വീമ്പുപറച്ചിൽ മാത്രമാണെന്നും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇതുവരെ ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് യു.ഡി.എഫ്. ആരോപണം. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം, നാരങ്ങാതോട്, പെരുമ്പ ചെറിയ തോട് മാലിന്യ പ്രശ്നങ്ങൾ തുടങ്ങിയവ അവർ ഉയർത്തി കാണിക്കുന്നു.
ഇക്കുറി 23 വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്. മത്സരമാണ്. 19 വാർഡുകളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളുണ്ട്. യു.ഡി.എഫ് ജയിച്ച തായിനേരി വെസ്റ്റിൽ ഇക്കുറി മുസ്ലിം ലീഗിലെ എ.എം. നിസാറിനെതിരെ മുൻ കൗൺസിലർ കൂടിയായ ലീഗ് നേതാവ് എം.ബഷീർ വിമതനായുണ്ട്. എൻ.സി.പിയിലെ എ.വി. തമ്പാനാണ് ഈ പ്രാവശ്യം ഇവിടത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി. എൻ.ഡി.എയിലെ പി.കെ.സുജിത്ത് കുമാർ കൂടി മത്സര രംഗത്തുണ്ട്.
വാർഡ് 44
വോട്ടർമാർ 59595
2015 തിരഞ്ഞെടുപ്പ്
എൽ.ഡി.എഫ് 33
യു.ഡി.എഫ് 11