പൊതുഗതാഗതം മുടങ്ങി
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ തൊഴിലാളി ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. അക്രമ സംഭവങ്ങൾ ഒന്നുമുണ്ടായില്ല. ഹർത്താൽ പ്രതീതിയായിരുന്നു എല്ലായിടത്തും. കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്കു മാത്രമാണ് സർവീസ് നടത്തിയത്. ടാക്സി, ഓട്ടോറിക്ഷ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഗതാഗതം തീരെ കുറവായിരുന്നു.
മെഡിക്കൽ സ്റ്റോറുകൾ ഒഴികെ മറ്റ് കടകൾ പ്രവർത്തിച്ചില്ല. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തൊഴിൽ കോഡ് പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം നൽകുക,തൊഴിലാളികൾക്ക് 10 കിലോ ധാന്യം അനുവദിക്കുക, കർഷകദ്രോഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിച്ചത്. ബാങ്കിംഗ്, ടെലികോം,ഇൻഷ്വറൻസ്, ഖനി തൊഴിലാളി മേഖലയിലെ യൂണിയനുകൾ പണിമുടക്കിൽ പങ്കാളികളായി.
ടൂറിസം നിശ്ചലം
ടൂറിസം മേഖല പണിമുടക്കിൽ സ്തംഭിച്ചു. പല മുൻകൂർ ബുക്കിംഗുകളും പണിമുടക്ക് കാരണം റദ്ദ് ചെയ്തുവെന്ന് ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു. കൊവിഡ്പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ടൂറിസം മേഖലയ്ക്ക് പണിമുടക്ക് തിരച്ചടിയായി. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളൊന്നും സർവീസ് നടത്തിയില്ല. കളക്ടറേറ്റിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് എത്തിയത്.
മുടങ്ങിയില്ല വോട്ട് പിടിത്തം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമായിരുന്നു. വോട്ടർമാരെ വീട്ടിൽവച്ച് നേരിട്ട് കാണാൻ പറ്റിയ സുവർണാവസരമായിരുന്നു പണിമുടക്ക് ദിനം. വീടുകയറിയുള്ള പ്രചാരണത്തിനാണ് സ്ഥാനാർത്ഥികൾ മുൻതൂക്കം നൽകിയത്. കുടുംബാംഗങ്ങളെ ഒരുമിച്ച് കണ്ട് വോട്ട് അഭ്യത്ഥിക്കാനായി.
പ്രകടനവും സമ്മേളനവും
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേത്യത്വത്തിൽ ആലപ്പുഴയിൽ പ്രകടനവും സമ്മേളനവും നടത്തി. ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തിരികെ എത്തിയ ശേഷം പ്രതിഷേധ യോഗം ചേർന്നു. സി.ഐ.ടി.യു സംസ്ഥാന അസി.സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി.സത്യനേശൻ, വി.മോഹൻദാസ്, ആർ.അനിൽകുമാർ, വി.എസ്.മണി, ഗാനകുമാർ,ആർ.രമേശൻ, ബിന്ദു എന്നിവർ പങ്കെടുത്തു