ഡീഗോ തന്റെ ഇടംകാലിൽ പച്ചകുത്തിയിരുന്നത് ഫിഡൽ കാസ്ട്രോയുടെ ചിത്രമാണ്.വലംകൈയിൽ ചെഗുവേരയുടെ ചിത്രവും. ഇതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമായിരുന്നു. ആ രാഷ്ട്രീയം മറച്ചുവയ്ക്കാനോ അതിൽ മായം ചേർക്കാനോ ഡീഗോ തയ്യാറായിരുന്നുമില്ല.
ഫിഡൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസുമായുള്ള സൗഹൃദത്തിലൂടെ തന്റെ നിലപാടുകൾ അദ്ദേഹം തുറന്നുപറയുകയായിരുന്നു. ക്യൂബയിൽ ലഹരി മുക്തിചികിത്സയ്ക്കെത്തിയത് ഫിഡലിനോടും ആ നാടിനോടുമുള്ള സ്നേഹം കാെണ്ടാണ്. ഡീഗോയെ ചികിത്സിക്കാൻ സൗകര്യങ്ങളൊരുക്കുന്നതിൽ കാസ്ട്രോയ്ക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ക്യൂബയിൽ ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് ലോകമെങ്ങും ആരാധകപ്രീതി നേടിയ ടെലിവിഷൻ ഷോ നടത്തിയത്.
ക്യൂബയോടെന്നപോലെ ഹ്യൂഗോ ഷാവേസുമായും വെനിസ്വേലൻ ജനതയുമായും ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഷാവേസിന്റെ നയങ്ങളുടെ പ്രചാരകൻ കൂടിയായിരുന്നു ഡീഗോ. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടാകാനും തയ്യാറായി. മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് തന്റേതെന്നാണ് ഡീഗോ പറഞ്ഞത്. അതുകൊണ്ടാകും മനുഷ്യന്റെ വേദനകൾ മാറ്റാനും മാനവികതയ്ക്ക് ഉൗന്നൽ നൽകാനും കഴിയുന്ന ആദർശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തത്.
സാമ്രാജ്യത്വത്തിന്റെ , പ്രത്യേകിച്ച് അമേരിക്കയുടെ ഏറ്റവും ശക്തനായി വിമർശകനാവാനും ഡീഗോ മടിച്ചില്ല. മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ളിയു.ബുഷിനെ ചവറ്റുകുട്ട എന്നാണ് വിളിച്ചത്. ലോകമെമ്പാടും ആരാധകരുള്ള ഒരു കായിക താരം അമേരിക്കൻ പ്രസിഡന്റിനെ ഇത്തരത്തിൽ ആക്ഷേപിക്കാൻ ധൈര്യം കാട്ടിയത് വലിയ ചർച്ചയായിരുന്നു. അമേരിക്കയെന്ന് കേൾക്കുന്നതേ തനിക്ക് ഇഷ്ടമല്ലെന്ന് ഡീഗോ പരസ്യമായി പറഞ്ഞിരുന്നു.
റഷ്യയിൽ കോൺഫെഡറേഷൻസ് കപ്പ് നടപ്പോൾ കാണാനെത്തിയ ഡീഗോയോട് പത്രക്കാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പറ്റി ചോദിച്ചപ്പോൾ യുദ്ധക്കൊതിയനായ കോമാളിയെന്നാണ് കളിയാക്കിയത്. അതേസമയം റഷ്യൻ രാഷ്ട്രത്തലവൻ വ്ളാദിമിർ പുടിനെ കരുത്തനായ മാതൃകയെന്നും വിശേഷിപ്പിച്ചു.
2008ൽ ഇന്ത്യയിലെത്തിയപ്പോൾ കൊൽക്കത്തയിലെ മദർ തെരേസയുടെ വസതിയിൽ പോകാൻ ഡീഗോ സമയം കണ്ടെത്തിയിരുന്നു.