എറണാകുളം ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥി മീനാക്ഷി തമ്പാന് ഇന്നലെ 21 വയസും 63 ദിവസവും തികഞ്ഞു.മൂവാറ്റുപുഴ നഗരസഭ ഇരുപതാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ് മീനാക്ഷി.
പ്രായക്കുറവാണെന്ന് കരുതി രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചരണവുമൊന്നും മീനാക്ഷിക്ക് പുത്തരിയല്ല. ചെറുപ്പം മുതലേ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരിയാണ്. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് ബാലസംഘം ഭാരവാഹിയായാണ് രാഷ്ട്രീയത്തിൽ പിച്ചവച്ചത്. പിന്നീട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടേറിയറ്ര് അംഗവും എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവമായി. നിലവിൽ സി.പി.എം മാറാടി യു.പി സ്കൂൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ബിരുദധാരിയായ മീനാക്ഷി നിയമപഠനത്തിന് ചേരാനൊരുങ്ങിയിരിക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നത്. പഠനവും രാഷ്ട്രീയവും മാത്രമല്ല കലാരംഗത്തും ആളൊരു പുലിക്കുട്ടിയാണ്. കഴിഞ്ഞ മൂന്നുവർഷവും തുടർച്ചയായി എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യത്തിനും കുച്ചുപ്പുടിക്കും എഗ്രേഡ് നേടിയിട്ടുണ്ട്. കന്നിയങ്കത്തിൽ വിജയിച്ചാൽ നാടിന്റെ വികസനത്തിൽ പുതുതലമുറയുടെ പ്രതീക്ഷകളും സങ്കല്പങ്ങളും യാഥാർത്ഥ്യമാക്കുന്നതിനൊപ്പം നൃത്തവും പഠനവും തുടരാനാണ് തീരുമാനം. അച്ഛൻ പി.ബി. അജിത്കുമാർ ആധാരം എഴുത്തുകാരനാണ്. സി.പി.എം മൂവാറ്റുപുഴ ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ്. അമ്മ ജിജി. സഹോദരൻ ബാലഭാസ്കരൻ പ്ലസ് വിദ്യാർത്ഥിയാണ്.