തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് കുടിവെള്ളത്തിനായുള്ള പോരാട്ടത്തിനാണെന്നാണ് കണ്ണൂരിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കെ.ശരണ്യ പറയുന്നത്. കൊളച്ചേരി പഞ്ചായത്തിലെ 11ാം വാർഡ് നൂഞ്ഞേരിയിൽ എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് 21 കാരിയായ ശരണ്യ മത്സരിക്കുന്നത്. കുടിവെള്ളപ്രശ്നം അലട്ടുന്ന നൂഞ്ഞേരി പട്ടികജാതി കോളനിയിൽ കുടിവെള്ളമെത്തിക്കുമെന്ന വാഗ്ദാനമാണ് ശരണ്യ മുന്നോട്ടുവയ്ക്കുന്നത്. 38 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ മൂന്ന് കിണറാണ് ആകെയുള്ളത്. ഇതിൽ രണ്ടെണ്ണം പാടെ നശിച്ചു. ബാക്കിയുള്ള കിണറും നാശത്തിന്റെ വക്കിലായിട്ടും നിലവിലെ പഞ്ചായത്ത് ഭരണസമിതി കോളനിയോട് കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ശരണ്യ പറഞ്ഞു.എസ്.എൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. മൂഞ്ഞേരിയിലെ പി.രാജന്റെയും കെ.ലക്ഷ്മിയുടെയും മകളാണ്.