ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം മുടങ്ങി
കൊല്ലം: ദേശീയപാതയിൽ ചവറ പാലത്തിൽ കണ്ടെയ്നർ ലോറിക്ക് പിന്നിൽ ട്രെയിലർ ഇടിച്ചുകയറി നാലുമണിക്കൂറിലേറെ ഗതാഗതം മുടങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. ട്രെയിലർ ലോറി ഡ്രൈവറായ യു.പി സ്വദേശി സുബൈദിന് പരിക്കേറ്റു.
ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു കണ്ടെയ്നർ ലോറിയും ട്രെയിലറും. ചവറ പാലത്തിന് സമീപമെത്തിയപ്പോൾ എതിർദിശയിൽ നിന്ന് മറ്രൊരു ലോറി പാലത്തിൽ പ്രവേശിക്കുന്നത് കണ്ട് കണ്ടെയ്നർ ലോറി സഡൻ ബ്രേക്ക് ചെയ്തപ്പോൾ ട്രെയിലർ കണ്ടെയ്നറിന്റെ പിൻവശത്ത് ഇടിക്കുകയായിരുന്നു.
ക്യാബിൻ പൂർണമായും തകർന്ന് ട്രെയിലറിനുള്ളിൽ കുടുങ്ങിയ സുബൈദിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കണ്ടെയ്നർ ലോറിയുടെ ക്യാബിനും തകർന്നു. ട്രെയിലർ പാലത്തിന്റെ ഒരുവശത്ത് കുടുങ്ങിയതോടെ ദേശീയപാതവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ട്രെയിലർ നീക്കാനുള്ള ഫയർഫോഴ്സിന്റെ ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് സ്വകാര്യ ക്രെയിനിന്റെ സഹായം തേടി. പുലർച്ചെ 3.30 ഓടെ ആദ്യ ക്രെയിനെത്തിച്ച് ട്രെയിലർ വലിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അൽപ്പം കൂടി ശേഷിയുള്ള രണ്ട് ക്രെയിനുകൾ കൂടി എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ചവറ കെ.എം.എം.എല്ലിൽ നിന്നുള്ള ക്രെയിനും ലോഡറും എത്തിച്ച് മുന്നിലും പിന്നിലും നിന്ന് തള്ളിയും വലിച്ചും രാവിലെ പത്തോടെ പഴയ പ്രിമോ പൈപ്പ് കമ്പനിക്ക് മുന്നിലെ റോഡിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം സാധാരണനിലയിലായത്.
ഭാര വാഹനങ്ങൾ തടഞ്ഞു
അപകടത്തെ തുടർന്ന് ഭാരവാഹനങ്ങളും കണ്ടെയ്നർ ലോറികളും ദേശീയപാതയിൽ പൊലീസ് തടഞ്ഞു. കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ ദേശീയപാതയുടെ ഒരുവശത്ത് കൂടിയും കൊല്ലം ഭാഗത്തേക്കുള്ളവ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് തെക്കുംഭാഗം - നീണ്ടകര വേട്ടുതറ വഴി വഴിതിരിച്ചുവിട്ടു. അപകടം പാലത്തിലായതിനാലും പാലത്തിന്റെ ഇരുവശങ്ങളും താഴ്ന്ന് കിടക്കുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടായി.