ഇന്ത്യ - ആസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
സിഡ്നി: ഇന്ത്യയും ആസ്ട്രേലിയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 9.10 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് 66 റൺസിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ പ്രതീക്ഷ നിലനിറുത്തണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. വെള്ളിയാഴ്ച നടന്ന ആദ്യമത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും നിറം മങ്ങിയ കൊഹ്ലിപ്പടയ്ക്ക് എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്തിയാലേ മികച്ച ഫോമിലുള്ള ആസ്ട്രേലിയയെ മറകിടക്കാനാകൂ.
ചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. 2019ലെ ആസ്ട്രേലിയയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏകദിന പരമ്പരയിൽ ആദ്യ മത്സരം തോറ്റശേഷമാണ് ഇന്ത്യ 1-2ന് കിരീടം നേടിയത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അത്രഅനുകൂലമല്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എട്ട് മാസത്തോളം വേണ്ടത്ര മത്സരപരിചയമോ പരിശീലനമൊ ഇന്ത്യൻ താരങ്ങൾക്ക് നടത്താനായില്ല. കഴിഞ്ഞയിടെ അവസാനിച്ച ഐ.പി.എല്ലിൽ മാത്രമാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. ഏകദിനഫോർമാറ്റിൽ ഈ കാലയിളവിലൊന്നും കളിച്ചിട്ടുമില്ല. മാത്രമല്ല 2019ലെ പരമ്പരയിൽ വിലക്കിലായിരുന്ന സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഫസ്റ്റ് ചോയിസ് ബൗളർമാരായ പാറ്റ് കമ്മിൻസും ജോഷ് ഹാസൽവുഡ്ഡും മിച്ചൽ സ്റ്റാർക്കും ആസ്ട്രേലിയൻ ടീമിൽ ഇല്ലായിരുന്നു.
എന്നാൽ ലോകോത്തര നിലവാരമുള്ള താരങ്ങൾ അണിനിരക്കുന്ന ടീം ഇന്ത്യയ്ക്ക് ഏത് സാഹചര്യത്തിൽ നിന്നും ഒരു തിരിച്ചുവരവ് അത്ര കഠിനമുള്ള കാര്യമല്ലെന്നാണ് വിലയിരുത്തൽ.
ജയം മുഖ്യം
നിർണായകമായ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിച്ചേ തീരൂ. മികച്ചൊരു ആൾറൗണ്ടറുടെ അഭാവം ഇന്ത്യയ്ക്ക് വലിയ പോരായ്മ തന്നെയാണ്. മികച്ച ടീമാണെങ്കിലും ബാറ്റ് ചെയ്യുന്നവർ ബൗൾ ചെയ്യില്ല എന്നതും ബൗൾ ചെയ്യുന്നവർ ബാറ്റ് ചെയ്യില്ല എന്നതും ചിലസമയങ്ങളിലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ വാലറ്റത്ത് ഒരു ഹിറ്ററുടേയും ബൗളിംഗ് സമയത്ത് ഒരു പാർട്ട് ടൈം ബൗളറുടേയും കുറവ് നിഴലിച്ചിരുന്നു. കഴിഞ്ഞ മത്സരത്തൽ തകർപ്പൻ ബാറ്റിംഗ് നടത്തിയ ഹാർദ്ദിക് പാണ്ഡ്യ ബൗൾ ചെയ്യാനുള്ള ക്ഷമത കൈവരിച്ചിട്ടില്ല.
യൂസ്വേന്ദ്ര ചഹലിന്റെ കാര്യത്തിൽ ചെറിയ അനിശ്ചിതത്വം ഉണ്ടെങ്കിലും അദ്ദേഹം കളിക്കുമെന്നാണ് വിവരം. കഴിഞ്ഞ മത്സരത്തിൽ ചഹൽ ഫീൽഡിംഗിനിടെ പവലിയനിലേക്ക് മടങ്ങിയെങ്കിലും തിരിച്ചെത്തി പത്ത് ഓവറും ബൗൾ ചെയ്തിരുന്നു. പുറംവേദന അലട്ടുന്ന നവദീപ് സെയിനിക്ക് പകരം ടി. നടരാജൻ ഇടം നേടാൻ സാദ്ധ്യതയുണ്ട്.
സാധ്യതാ ടീം: ധവാൻ, മായങ്ക്,വിരാട്, ശ്രേയസ്, രാഹുൽ, ഹാർദ്ദിക്, ജഡേജ,നടരാജൻ/ സെയ്നി, ഷമി, ചഹൽ/കുൽദീപ്, ബുംര.
ആധിപത്യം തുടരാൻ
ആദ്യമിത്സരത്തിലെ ആതേ ആധിപത്യം തുടരുകയാണ് മറുവശത്ത് ആസ്ട്രേലിയയുടെ ലക്ഷ്യം. ഐ.പി.എല്ലിൽ തിളങ്ങാതിരുന്ന അവരുടെ പ്രധാന താരങ്ങളെല്ലാം ഫോം വീണ്ടെടുത്തത് ആതിഥേയരുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു. സ്മിത്തിന്റേും ഫിഞ്ചിന്റേയും മാകാസ്വെല്ലിന്റേയും വാർണറുടേയും സാംപയുടേയും ഹാസൽവുഡിന്റേയും പ്രകടനങ്ങളാണ് ഒന്നാം ഏകദിനത്തിൽ ഓസീസിന്റെ വിജയത്തിന് പിന്നിൽ. അതേസനയം കഴിഞ്ഞ മത്സരത്തിനിടെ പരിക്ക് മൂലം 6.2 ഓവർ എറിഞ്ഞ ശേഷം തിരിച്ചുപോയ സ്റ്റോയിനിസ് ഇന്ന് കളിച്ചേക്കില്ല. മികച്ച ആൾറൗണ്ടറായ സ്റ്റോയിനിസിന് പകരക്കാരനെ കണ്ടെത്തുകയെന്നത് ഓസീസിന് തലവേദനയാണ്. കാമറൂൺ ഗ്രീനോ, മോയിസസ് ഹെൻറിക്കസോ, സീൻ അബോട്ടോ ആയിരിക്കും പകരമെത്തുക.
സാധ്യതാ ടീം: വാർണർ,ഫിഞ്ച്, സ്മിത്ത്, ലബുഷ്ചാംഗെ, കാരെ, മാക്സ്വെൽ,ഗ്രീൻ/അബോട്ട്, കുമ്മിൻസ്, സ്റ്റാർക്ക്, സാംപ, ഹാസൽവുഡ്.
പിച്ചും കാലാവസ്ഥയും
ചുടുള്ള കാലാവസ്ഥയാണിപ്പോൾ സിഡ്നിയിൽ. ഉച്ച സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് സിഡ്നിയിലേത്. സ്പിന്നർമാർക്ക് അല്പം ടേൺ കിട്ടുമെന്നതൊഴിച്ചാൽ ബൗളർമാർക്ക് മറ്റൊരു സഹായവും പിച്ചിൽ നിന്ന് കിട്ടിയേക്കില്ല.
പിഴ ശിക്ഷ
കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷയും ലഭിച്ചു. ടീം അംഗങ്ങൾ എല്ലാവരും മാച്ച് ഫീസിന്റെ ഇരുത് ശതമാനം പിഴയായി നൽകണം.