തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇന്ന് മൂന്നാണ്ട് തികയുന്നു. മൂന്ന് വർഷം മുൻപ് ഈ ദിനത്തിൽ നൂറുകണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളേയും തകർത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ച ഓഖിയുടെ ഓർമകളിൽ നിന്ന് ഇതുവരെയും മത്സ്യത്തൊഴിലാളിമേഖല കരകയറിയിട്ടില്ല. പല കുടുംബങ്ങളിലും പ്രിയപ്പെട്ടവരെ കടൽ കൊണ്ടുപോയതോടെ തുടങ്ങിയ ദുരിതത്തിന് അറുതിയുമായില്ല. മികച്ച രീതിയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്താനായെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുമ്പോഴും പല പദ്ധതികളും കടലാസിൽ തന്നെ ഉറങ്ങുകയാണ്.
സർക്കാർ കണക്കുപ്രകാരം 143 മത്സ്യത്തൊഴിലാളികളാണ് 2017 നവംബർ 29ന് രാത്രി വീശിയടിച്ച ഓഖി കാറ്റിൽ മരണപ്പെട്ടത്. ഇതിൽ 52പേർ മരണമടഞ്ഞവരുടെ പട്ടികയിലും 91പേരെ കാണാതായവരുടെ പട്ടികയിലുമാണ് പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ദുരിത്തെപ്പറ്റി അറിയാതിരുന്നതും കാലാവസ്ഥാ നിരീക്ഷണത്തിലുണ്ടായ പിഴവും ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷാപ്രവർത്തനം തുടങ്ങിയപ്പോഴേക്കും നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു. മരണപ്പെട്ട 143 പേരുടെ കുടുംബങ്ങൾക്കും 20ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ലഭ്യമാക്കി. ഈ തുക അവകാശികളുടെ പേരിൽ ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന് മാസാമാസം ലഭിക്കുന്ന പലിശയിലാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.
ഓർമകളിൽ നിന്ന് മായാതെ രാക്ഷസതിരമാലകൾ
ഓഖി ദുരന്തത്തിൽ നിന്ന് രക്ഷപെട്ടെത്തിയവരിൽ ഭൂരിഭാഗം പേരും ഇന്നും പലവിധ രോഗങ്ങളുടെയും പിടിയിലാണ്. അന്ന് സംഭവിച്ച പരിക്കുകൾ ഇന്നുമിവരെ വേട്ടയാടുന്നുണ്ട്. ഭയം വിട്ടുമാറാത്തതിനാൽ പിന്നീട് കടലിൽ പോകാത്തവരും ഇക്കൂട്ടത്തിലുണ്ട്.
പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തവരുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളി നേതാക്കൾ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച നാവിക് ഉപകരണങ്ങൾ കിട്ടാത്തവരുമുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ താത്കാലിക ജോലി നൽകിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പലരും ജോലി ഉപേക്ഷിച്ചു. കടലിൽ അപകടത്തിൽപെടുന്നവർക്കായി പ്രഖ്യാപിച്ച മൂന്ന് മറൈൻ ആംബുലൻസുകളിൽ ഒന്ന് മാത്രമാണ് പണി പൂർത്തിയായി കടലിലിറങ്ങിയത്.