വിതുര: വിതുരയിൽ വീട്ടിനുളളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത് മദ്യലഹരിയിലാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വിതുര മീനാങ്കൽ തണ്ണിക്കുളം കുന്നിൻപുറത്തു വീട്ടിൽ മാധവനെ (50) ആണ് കൂട്ടുകാരനായ പട്ടൻകുളിച്ചപാറ വെമ്പരിയിൽ വീട്ടിൽ എ. താജുദീൻ (62) തലയ്ക്കടിച്ചു കൊന്നത്. താജുദ്ദീന്റെ വീട്ടിൽ മദ്യം കഴിക്കുവാൻ ചെന്നതായിരുന്നു മാധവൻ. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം.
മദ്യം കഴിച്ചശേഷം കടം പറഞ്ഞു. മദ്യം കഴിച്ച വകയിൽ താജുദ്ദീന് മാധവൻ പണം നൽകാനുണ്ട്. കൂടാതെ വിൽപ്പന നടത്തുവാൻ വാങ്ങിയ വകയിലും പണം കിട്ടാനുണ്ട്. ഇതിനെ ചൊല്ലി ഇരുവരും വഴക്ക് ഉണ്ടായി. താജുദ്ദീൻ റബർ കമ്പ് എടുത്തു മാധവന്റെ തലയ്ക്കടിച്ചു. തല പൊട്ടി ചോര വന്നപ്പോൾ മാധവൻ നിലവിളിച്ചു. താജുദ്ദീൻ മാധവന്റെ വായ പൊത്തി പിടിച്ചു. ബോധം പോയപ്പോൾ നിലത്ത് കിടത്തി. തുടർന്ന് രണ്ടു ദിവസം രാത്രിയിലും മാധവന്റെ മൃതദേഹം പുറത്തു കൊണ്ടു പോയി കളയുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒരു ദിവസം മൃതദേഹം ചാക്കിൽ കെട്ടി പുറത്തു കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ച തിനെ തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിൽ ചെന്ന് നോക്കിയതും പോലീസിൽ വിവരം അറിയിച്ചതും. താജുദീൻ കുറ്റം മുഴുവനും പോലീസിനോട് സമ്മതിച്ചു. താജുദ്ദീനെ ഇന്ന് വൈകിട്ട് റിമാൻഡ് ചെയ്യും. മാധവന്റെ മൃതദേഹം നെടുമങ്ങാട് ശാന്തി തീരത്തിൽ സംസ്കരിച്ചു.