കോട്ടയം: ആക്രി പെറുക്കാൻ എത്തി. വീട്ടമ്മയുടെ നാലര പവന്റെ മാലയുമായി കടന്നുകളഞ്ഞ രണ്ടംഗ സംഘം നാല് മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദ്ദനൻ (49) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 9.30 ഓടെ നഗരമദ്ധ്യത്തിൽ മാമ്മൻമാപ്പിള ഹാളിന് സമീപമുള്ള വീട്ടിൽ നിന്നാണ് വൃദ്ധയുടെ മാല കവർന്നത്.
മാമ്മൻ മാപ്പിള ഹാൾ ജംഗ്ഷനിൽ നിന്ന് ചന്തക്കടവിലേക്കുള്ള പാർക്ക് ലെയ്നിലുള്ള വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന തങ്കമ്മ സേവ്യറിന്റെ (83) മാലയാണ് ഇവർ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വീട്ടിലെത്തിയ ഇവർ ആക്രിസാധനങ്ങൾ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞതോടെ കുടിക്കാൻ വെള്ളം ചോദിച്ചു. അവശനിലയിൽ കണ്ട ഇവർക്ക് വൃദ്ധ ചായ ഉണ്ടാക്കിക്കൊടുത്തു. കൂടെ ബിസ്ക്കറ്റും നല്കി. ഇത് കഴിക്കുന്നതിനിടയിൽ വൃദ്ധയുടെ കഴുത്തിൽകിടന്ന നാലര പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. ഉടൻതന്നെ വൃദ്ധ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞു.
പൊലീസ് ഞൊടിയിടയിൽ എത്തി പരിസരം മുഴുവൻ അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് ഒന്നരയോടെ ടൗണിന്റെ മറ്റൊരു കോണിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത മാല ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ അനിൽ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.