ന്യൂഡൽഹി : രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെ രാജ്ഘട്ടിൽ ദേവ് ദീപാവലിയോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ദേവ് ദീപാവലി ദിനത്തിൽ, രാജ്യത്തിനായി ജീവൻ അർപ്പിച്ച എല്ലാവർക്കും ഞാൻ ആദരമർപ്പിക്കുന്നു. വിപുലീകരണ ശക്തികൾക്കും, ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്കും അതുപോലെ തന്നെ ഇന്ത്യയിൽ നിന്നു കൊണ്ട് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്കും രാജ്യം ഉചിതമായ മറുപടി നൽകുന്നുണ്ട് ' മോദി പറഞ്ഞു.
1913ൽ വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയ അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ നിന്നും രാജ്യത്തേക്ക് ഉടൻ മടങ്ങിയെത്തുന്നതിനെ പറ്റിയും മോദി സംസാരിച്ചു. 100 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂർണ വിഗ്രഹം മടങ്ങിയെത്തുന്നത് കാശിയെ സംബന്ധിച്ച് വളരെ വലിയ ഭാഗ്യമാണെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ദേവീദേവൻമാരുടെ പുരാതന വിഗ്രഹങ്ങൾ നമ്മുടെ വിശ്വാസത്തിന്റെയും അമൂല്യമായ പൈതൃകത്തിന്റെയും പ്രതീകമാണെന്നും നേരത്തെ ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിൽ രാജ്യത്തിന് നിരവധി പ്രതിമകൾ തിരികെ ലഭിക്കുമായിരുന്നുവെന്നും മോദി വ്യക്തമാക്കി.
ദീപാവലി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഹിന്ദുമാസമായ കാർത്തികയിലെ പൗർണമി നാളിൽ വാരണാസിയിൽ ആഘോഷിക്കുന്ന ഉത്സവമാണ് ദേവ് ദീപാവലി. ഇതിന്റെ ഭാഗമായി രാജ്ഘട്ടിൽ പ്രധാനമന്ത്രി വിളക്ക് കത്തിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമായ വാരണാസിയിൽ ഗംഗാ നദിയുടെ തീരത്ത് 1.1 ദശലക്ഷം മൺചിരാതുകൾ തെളിയിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മേദി കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയിരുന്നു.