കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത്
ശതമാനം സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്ത 2020 ജനുവരി 3 മുതലുള്ള പി.എസ്.സി റാങ്ക് പട്ടികകൾക്ക് ഇത് ബാധകമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹർജിയിൽ സർക്കാരിനും
പി. എസ്.സിക്കും ഹൈക്കോടതി നോട്ടീസ് ഉത്തരവായി
പി.എസ്.സി നിയമനങ്ങളിൽ 2020 നവംബർ 23 മുതലാണ് സാമ്പത്തിക സംവരണം ബാധകമാക്കിയത്. ഇങ്ങനെ ചെയ്യാൻ പി.എസ്. സിക്ക് അധികാരമില്ലെന്നും, ജനുവരി 3 ന് നിലവിലുള്ളതും പിന്നീടു നിലവിൽ വന്നതുമായ എല്ലാ റാങ്ക് ലിസ്റ്റുകൾക്കും സാമ്പത്തിക സംവരണം ബാധകമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
റൊട്ടേഷനിൽ മൂന്നാം ഊഴം വേണം
പി.എസ്.സി നിയമനങ്ങൾക്കുള്ള റൊട്ടേഷനിൽ ഒമ്പതാം ഉൗഴമാണ് സാമ്പത്തിക സംവരണത്തിന്. ഇതു മൂന്നാം ഉൗഴമാക്കണമെന്നും, പൊതു വിഭാഗത്തിൽ നിന്നാണ് സാമ്പത്തിക സംവരണം നൽകുന്നതെന്നതിനാൽ മറ്റു സംവരണ വിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
സാമ്പത്തിക സംവരണത്തിന് ആളില്ലെങ്കിൽ ഇതു ലാപ്സാകുമെന്ന ചട്ടം 15 (സി.എ) റദ്ദാക്കണം. പകരം, രണ്ടു തവണ കൂടി വിജ്ഞാപനം ചെയ്യണം. എന്നിട്ടും ഒഴിവു നികത്താൻ കഴിഞ്ഞില്ലെങ്കിൽ പൊതുവിഭാഗത്തിൽ സാമ്പത്തിക സംവരണത്തിന് അർഹരായ സമുദായത്തിനു നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.