ആലപ്പുഴ: ആരോഗ്യ വിഭാഗം അടിക്കടി മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ താളം തെറ്റിയ നിലയിലാണ് പലേടത്തും തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. സംഘത്തിൽ പരമാവധി അഞ്ച് പേരെന്ന നിബന്ധന നിലനിൽക്കേ, പതിനഞ്ചോളം പ്രവർത്തകർ കൂട്ടമായി വോട്ട് തേടി വീടുകളിലെത്തുന്ന സ്ഥിതിയുണ്ട്. സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും പൊതുജനത്തിനും നൽകുന്ന മുന്നറിയിപ്പുകൾക്ക് പുറമേ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയാറാക്കിയിരിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എല്ലാ ദിവസവും സ്ക്രീനിംഗിന് വിധേയരാകണം. സ്ഥാപന മേധാവികൾ ഇതിനുള്ള സൗകര്യം ഓഫീസുകളിൽ സജ്ജീകരിക്കണം
പനി. ചുമ, തൊണ്ടവേദന, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശരീര വേദന, രുചി - മണം എന്നിവ തിരിച്ചറിയാനാകാതിരിക്കുക എന്നിങ്ങനെ ലക്ഷണമുള്ളവർ ആന്റിജൻ പരിശോധന നടത്തണം
രോഗ ലക്ഷണം ഉള്ളവർക്ക് ആന്റിജൻ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം
എല്ലായ്പ്പോഴും ശരിയായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ അണുവിമുക്തവുമാക്കുക
പേപ്പറുകൾ, ഉപകരണങ്ങൾ എന്നിവ സ്വീകരിക്കുന്നതിനു മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കണം
ആറു മണിക്കൂറിൽ കൂടുതൽ ഒരു മാസ്ക് ധരിക്കാൻ പാടില്ല
മാറ്റി ഉപയോഗിക്കുന്നിനുള്ള മാസ്കുകളും സാനിട്ടൈസറും അവരവർ കൈയിൽ കരുതുക
വീട്ടിലെത്തിയാലുടൻ വസ്ത്രങ്ങൾ കഴുകി കുളിച്ചശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക