മുംബയ്: ബോളിവുഡ് നടൻ രാഹുൽ റോയിയെ (52) മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'ആഷിഖി' എന്ന ചിത്രത്തിലൂടെയാണ് റോയ് പ്രശസ്തനായത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാശ്മീരിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. കാശ്മീരിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെതുടർന്ന് രണ്ടു ദിവസം മുമ്പാണ് മുംബയിൽ എത്തിച്ചത്. താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മഹേഷ് ഭട്ട് ചിത്രം ആഷിഖിയിലൂടെ 1990കളിലാണ് റോയ് ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. അനു അഗർവാൾ ആയിരുന്നു നായിക. ശേഷം ജുനൂൻ, ഫിർ തേരി കഹാനി യാദ് ആയി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു. 2006ൽ 'ബിഗ് ബോസ്' ടി.വി റിയാലിറ്റി ഷോയിലെ ആദ്യ സീസണിലെ വിജയിയായിരുന്നു.