SignIn
Kerala Kaumudi Online
Saturday, 10 April 2021 8.32 PM IST

ഇറാനിലെ വധം ഒരു ഫ്ളാഷ്ബാക്ക്

mohsen-fakhrizadeh

ഇറാന്റെ ന്യൂക്ളിയർ പദ്ധതികൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സീൻ ഫക്രിസദേയെ ഇറാന്റെ മണ്ണിൽ വച്ചാണ് കൊലപ്പെടുത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് കിഴക്കുഭാഗത്തുള്ള അബ്‌സാർ‌ഡ് എന്ന ചെറുപട്ടണത്തിൽ വച്ച്. അതിസുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ശാസ്ത്രജ്ഞൻ യാത്രചെയ്തിരുന്നത്. ഇറാന്റെ സൈനികർ സഞ്ചരിക്കുന്ന വാഹനങ്ങൾ എപ്പോഴും ശാസ്ത്രജ്ഞന്റെ കാറിന്റെ മുന്നിലും പിന്നിലും കാണും. എല്ലാം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ. ഈ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറിയ കൊലയാളി സംഘം ശാസ്ത്രജ്ഞനെ കാറിൽ നിന്ന് പിടിച്ചിറക്കി റോഡിലിട്ട് വെടിവച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് രംഗം വിട്ടത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ ഏജന്റന്മാരാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഇറാനും ആരോപിച്ചിട്ടുണ്ട്.

എന്തുകൊണ്ട് മൊഹ്‌സീൻ?

അൻപത്തൊൻപതുകാരനായ മൊഹ്‌‌സീനാണ് രണ്ട് ദശാബ്ദമായി ഇറാന്റെ ആണവ പദ്ധതികൾക്ക് പിന്നിലെ ചാലകശക്തി. 2000-ത്തിൽ ന്യൂക്ളിയർ പദ്ധതിയുടെ മുഖ്യവിഭാഗങ്ങൾ നിറുത്തിവച്ചെങ്കിലും മൊഹ്‌സീൻ രഹസ്യമായി പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നതായി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിച്ചിരുന്നു. ഇറാന്റെ ന്യൂക്ളിയർ രേഖകൾ മോഷ്ടിച്ചെടുത്ത ഇസ്രയേലും ഇത് തന്നെയാണ് ആവർത്തിച്ചിരുന്നത്.

കൊലപാതക സംഘം

നേരിട്ട് ആക്‌ഷനിൽ പങ്കെടുത്തത് 12 പേരാണ്. എന്നാൽ മാസങ്ങളോളം ആസൂത്രണം ചെയ്യാൻ 50 പേർ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ഇറാനിലും ചിലർ ഇസ്രായേലിലും മറ്റു ചിലർ വിദേശത്തുമായിരുന്നു.

നിരീക്ഷണം

മൊഹ്സീൻ ഫക്രിസദേയുടെ ഓരോ ദിവസത്തെയും സഞ്ചാരം ഇവർ കൃത്യമായി പഠിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങുന്ന സമയം, ഓഫീസിലെത്തുന്ന സമയം, തിരിച്ചുപോകുന്ന സമയം തുടങ്ങിയവ മാസങ്ങളോളം നിരീക്ഷിച്ചു. ഇതിൽ നിന്നും അബ്‌സാർഡിലെ തന്റെ സ്വകാര്യ വില്ലയിലേക്ക് ശാസ്ത്രജ്ഞൻ പോകുന്ന സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്.

മുന്നൊരുക്കങ്ങൾ

കൊലപാതക ദിവസം മൊഹ്‌സീൻ സഞ്ചരിക്കുന്ന സ്ഥലത്തെ വൈദ്യുതി ബന്ധം ഇവർ നേരത്തേ വിച്ഛേദിച്ചിരുന്നു. കൊലപാതക വാർത്ത പെട്ടെന്ന് പ്രചരിക്കാതിരിക്കാനും അതിവേഗ വൈദ്യസഹായം സമീപത്തെ ആശുപത്രിയിൽ ലഭിക്കാതിരിക്കാനും വേണ്ടിയായിരുന്നു ഇത്. നാല് കൊലയാളികൾ മോട്ടോർ സൈക്കിളിലും മറ്റുള്ളവർ കാറിലുമായി കാത്തിരുന്നു.

കില്ലിംഗ് ആക്‌ഷൻ

മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടിയോടെയാണ് ശാസ്ത്രജ്ഞന്റെ കാർ വന്നത്. ആദ്യ കാർ റൗണ്ട് എബൗട്ടിൽ കടന്നതിനു ശേഷമാണ് കൊലയാളികൾ ആക്രമണം തുടങ്ങിയത്. ശാസ്ത്രജ്ഞന്റെ കാർ തടയാനായി നേരത്തേ സജ്ജമാക്കിയിരുന്ന പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. ഈ നേരത്ത് 12 തോക്കുധാരികൾ ശാസ്ത്രജ്ഞന്റെ കാറിന് നേരെ കുതിച്ചു. ഇവർ അകമ്പടി വാഹനത്തിനു നേരെ നിറയൊഴിച്ചുകൊണ്ടിരുന്നു. ഇതോടൊപ്പം കൊലയാളി സംഘത്തിന്റെ തലവൻ, മൊഹ്‌സീൻ ഫക്രിസദേയെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് വെടിവച്ചു. മരിച്ചുവെന്ന് ഉറപ്പായ നിമിഷത്തിൽ തന്നെ കൊലയാളികൾ അപ്രത്യക്ഷരായി. കൊലയാളികളിൽ ഒരാൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആരെയും പിടികൂടാനായിട്ടില്ല. അത്യാധുനിക സ്നിപ്പറുകളാണ് കൊലയാളികളുടെ കൈവശമുണ്ടായിരുന്നത്.

അതേസമയം സാറ്റലൈറ്റ് നിയന്ത്രിത റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മെഷീൻ ഗണ്ണാണ് ശാസ്ത്രജ്ഞനെ വധിക്കാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് അന്വേഷണം വഴി തിരിച്ചുവിടാനുള്ള ചില കേന്ദ്രങ്ങളുടെ പ്രചാരണമാണെന്നും കരുതപ്പെടുന്നു.

കൊലപാതകത്തിന്

മൂന്ന് കാരണങ്ങൾ

1. ഇറാന്റെ ന്യൂക്ളിയർ പദ്ധതിയുടെ പുരോഗതി തടയുക. അവിടെ പ്രവർത്തിക്കുന്ന മറ്റ് ശാസ്ത്രജ്ഞന്മാരെയും ഭീതിയുടെ വലയിലാക്കുക.

2. അമേരിക്കയിൽ ബൈഡൻ അധികാരത്തിൽ വരുമ്പോൾ ഇറാനുമായി അടുക്കാൻ പാടില്ല. അതിന് ഇറാനെ പരമാവധി അകറ്റുക.

3. പ്രത്യാക്രമണത്തിന് ഇറാനെ പ്രേരിപ്പിക്കുക. അങ്ങനെയാണെങ്കിൽ മദ്ധ്യേഷ്യയിൽ മറ്റൊരു യുദ്ധം സൃഷ്ടിക്കുക.ഇതിന്റെ പിന്നിൽ ആയുധ വ്യാപാരികൾക്കും താത്പര്യമുണ്ട്.

ആരാണ് മൊഹ്‌സിൻ ഫക്രിസേദ?

. ഇറാനിലെ ഏറ്റവും സീനിയറായ ന്യൂക്ളിയർ ശാസ്ത്രജ്ഞൻ

. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പസിലെ ബ്രിഗേഡിയർ ജനറൽ കൂടിയാണ്.

. ഈ വർഷാദ്യം കൊവിഡ് - 19 ടെസ്‌റ്റിംഗ് കിറ്റുകൾ അദ്ദേഹം വികസിപ്പിച്ചിരുന്നു.

ഇറാൻ വിപ്ളവത്തിന് ശേഷമാണ് ഇദ്ദേഹം സൈനികാംഗമായത്.

. തുടക്കത്തിൽ ഇമാ ഹുസൈൻ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.

. വളരെ ലളിതമായ ജീവിതമാണ് പിന്തുടർന്നിരുന്നത്.

. 2010നും 12നും ഇടയിൽ 4 ഇറാനിയൻ ന്യൂക്ളിയർ ശാസ്ത്രജ്ഞന്മാർ കൊല്ലപ്പെട്ടു.

. ഇസ്രയേലാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHSEN FAKHRIZADEH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.