പാലാ : ഐക്യജനാധിപത്യ മുന്നണിയെ വഞ്ചിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ കൂടാരത്തിൽ എത്തിയവരെ പാലായിലെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് അദ്ദേഹം പാലായിലെത്തിയത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യു.ഡി.എഫ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കള്ളക്കടത്തുകാരുടെ താവളമായി മാറി. അവസാന മൂന്നുമാസം അഴിമതിയുടെ കാര്യത്തിൽ സ്ലോട്ടർ ടാപ്പിംഗ് നടത്തുകയാണ് .
കുര്യാക്കോസ് പടവൻ നയിക്കുന്ന പാലായിലെ യു.ഡി.എഫ് നഗരസഭാ പാനൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഇ.ജെ അഗസ്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യാക്കോസ് പടവൻ, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.