കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികൾ നേരിടാൻ മുങ്ങിക്കപ്പൽ ഉൾപ്പെടെ കൂടുതൽ സന്നാഹങ്ങൾ നാവികസേന ഒരുക്കുമെന്നും ഇതിനായി ഗവേഷണ വികസനപദ്ധതികൾ തുടരുകയാണെന്നും ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള പറഞ്ഞു.നാവികദിനാചരണം പ്രമാണിച്ച് നാവികത്താവളത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്രത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാൻ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുതിയ നിരീക്ഷണ വിമാനം വാങ്ങിയിട്ടുണ്ട്. അമേരിക്കൻ ഹെലികോപ്ടർ വാങ്ങാൻ നടപടികളായി. മുങ്ങിക്കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിൽ ഉണ്ട്. പുതിയ മുങ്ങിക്കപ്പൽ നിർമ്മാണം ചർച്ചകളിലാണ്. സമുദ്രത്തിലെ യുദ്ധസന്നാഹങ്ങൾ വിപുലമാക്കാൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലാബോറട്ടറിയും ശ്രമങ്ങൾ തുടരുകയാണ്.
ചൈനയുടെ സമുദ്ര ഭീഷണികൾ നേരിടാൻ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം നേരിടാൻ ഇന്ത്യൻ നേവിക്ക് പുറമെ സൗഹൃദരാജ്യങ്ങളുടെ നാവികസേനയുടെ സഹായവും ഉണ്ട്.
കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ 2021ൽ കമ്മിഷൻചെയ്യാമെന്നാണ് പ്രതീക്ഷ. അടുത്തവർഷം പകുതിയോടെ കടലിൽ പരീക്ഷണയോട്ടം നടത്തും. തുറമുഖത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കി. കപ്പലിന്റെ 80 ശതമാനവും പൂർത്തിയാക്കി. പുതിയൊരു വിമാനവാഹിനി നിർമ്മിക്കുന്നതും പരിഗണനയിലുണ്ട്.
സേനയ്ക്കുവേണ്ട കപ്പലുകൾ സ്വകാര്യതുറമുഖങ്ങളിൽ നിർമ്മിക്കുന്നതിൽ കുഴപ്പമില്ല. സ്വകാര്യമേഖല വിവിധ മേഖലകളിൽ സേനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പരിശീലന കപ്പലുകളുൾപ്പെടെ നിർമ്മിക്കാൻ കഴിയും.
കൊച്ചിയിൽ ഗ്ളൈഡർ തകർന്ന് രണ്ടു നാവികർ മരിച്ചത് സംബന്ധിച്ച അന്വേഷണം ഈമാസം പൂർത്തിയാകും.
തീരദേശസുരക്ഷയ്ക്ക് വിവിധ ഏജൻസികളുമായി നാവികസേന സംയുക്തനീക്കങ്ങൾ നടത്തുന്നുണ്ട്. സംശയകരമായ കാര്യങ്ങൾ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയും. ബോട്ടുകളിൽ ആശയവിനിമയ സംവിധാനം സ്ഥാപിക്കണം. ഐ.എസ്.ആർ.ഒയും കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് ഇതിന് നടപടി സ്വീകരിക്കും. കടലോര ജാഗ്രതാസമിതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.