കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വൈപ്പിൻ ഞാറക്കൽ പുളിക്കതുണ്ടിയിൽ വീട്ടിൽ അലക്സ് ദേവസിയെ (25) സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. നഗരത്തിൽവച്ച് യുവതിയെ അപമാനിച്ചതിനും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച കേസിലും പ്രതിയാണ്.നവംബർ ആദ്യവാരം ഹൈക്കോടതി ജംഗ്ഷന് സമീപം ഗോശ്രീ റോഡിൽവച്ച് ബൈക്കിലെത്തി യുവതിയെ അപമാനിച്ചശേഷം ഇയാൾ കടന്നുകളഞ്ഞു. ഒരാഴ്ചമുമ്പ് മാധവ ഫർമസി ജംഗ്ഷനിൽ വാഹനപരിശോധന ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ചു വീഴ്ത്തിയശേഷം രക്ഷപെട്ടു. സംഭവശേഷം പവർഹൗസ് റോഡിൽനിന്നും മറ്റൊരുബൈക്ക് മോഷ്ടിച്ചാണ് പ്രതികൾ രക്ഷപെട്ടത്. മോഷ്ടിച്ച ഒരു ബൈക്കും പിടിച്ചെടുത്തു. വടക്കേക്കര, ആലുവ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചത്. അലക്സിന്റെ കൂട്ടുപ്രതി യദുകൃഷ്ണനെ ( ഉണ്ണിക്കുട്ടൻ) മറ്റൊരു ബൈക്ക് മോഷണകേസിൽ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.