കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാം തവണ നോട്ടീസ് നൽകിയ സമയത്ത് രവീന്ദ്രൻ കൊവിഡാനന്തര ചികിത്സ തേടി.
ചോദ്യം ചെയ്യലിന് മുന്നോടിയായി ഇ ഡി രവീന്ദ്രന്റെ സ്വത്ത് വിവരങ്ങൾ തേടിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റി അടക്കം കോഴിക്കോടും കണ്ണൂരും കേന്ദ്രീകരിച്ചുളള നിരവധി സ്ഥാപനങ്ങളിൽ രവീന്ദ്രന് ബന്ധമുണ്ടോയെന്ന് അറിയാനായി എൻഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.