തൃക്കാക്കര : എറണാകുളത്തിന് ആശ്വസിക്കാം. ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിസ്റ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞ് സംസ്ഥാന ശരാശരിയേക്കാൾ താഴെയായി. 5.97 ശതനമാനം. 9.95 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന തല കൊവിഡ് അവലോകന റിപ്പോർട്ടിലാണ് കൊവിഡ് ടെസ്റ്റ് പോസിസ്റ്റിവിറ്റി നിരക്ക് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുന്നത്. കാസർഗോഡ് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ജില്ലയെക്കാൾ പിന്നിൽ. അതേസമയം കൊവിഡ് ടെസ്റ്റുകളുടെ എണ്ണിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളമാണ്. ലക്ഷ്യമിട്ടതിൽ 93.6% പൂർത്തിയാക്കാൻ ജില്ലക്കായി. കഴിഞ്ഞ ദിവസം മാത്രം 7900 പരിശോധനകൾ നടത്താൻ ലക്ഷ്യമിട്ടിടത്ത് 7391പരിശോധനകൾ പൂർത്തിയാക്കാനായി .റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണ ശ്രമങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്.
വൃദ്ധരെ സംരക്ഷിച്ച്
സംസ്ഥാനത്ത് ഏറ്റവുമധികം വൃദ്ധ സദനങ്ങൾ എറണാകുളം ജില്ലയിലാണ്. ആകെ പ്രവർത്തിക്കുന്ന 146 വൃദ്ധ സദനങ്ങൾ. ഇവിടെ എല്ലാം കൊവിഡ് പരിശോധന നടത്താൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു. 5009 അന്തേവാസികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. വൃദ്ധ സദനങ്ങളിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിച്ചിരുന്നു. കരുതലോടെയുള്ള ഇടപെട്ട് വൃദ്ധസദനങ്ങളിൽ നിന്നും കൊവിഡിനെ പുറത്താക്കുകയായിരുന്നു. കർശന സുരക്ഷയോടെയാണ് വൃദ്ധ സദനങ്ങൾ പ്രവർത്തിക്കുന്നത്.
സർക്കാർ-സ്വകാര്യ കൂട്ടുകെട്ട്
സർക്കാർ -സ്വകാര്യ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള കൊവിഡ് പ്രതിരോധമാണ് ജില്ലയിൽ നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ 160 ഐ.സി.യു ബെഡുകളും 159 വെന്റിലേറ്റർ ബെഡുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിൽ 1250 ഐ.സി.യു ബെഡുകളും 338 വെന്റിലേറ്ററുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ എഫ്.എൽ.ടിസികളും പോസ്റ്റ് കൊവിഡ് കേന്ദ്രങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.
വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്ന് ജില്ലയിൽ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിർത്താൻ കഴിഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി പാലിക്കുന്നു. ജനങ്ങൾ ജാഗ്രത കൈവിടരുത്.
എസ്. സുഹാസ്
ജില്ലാ കളക്ടർ