ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 201 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,356,844 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതായാണ് വിവരം. 9,97,5958 പേർ ഇതുവരെ രോഗമുക്തി നേടി. 2,31,036 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുളളത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 1,49,850 പേരാണ് രാജ്യത്ത് മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പ്രതിദിന കണക്കിൽ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്. 4875 പേർക്ക് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചു. രണ്ടാമത് കേരളമാണ്. 3021 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1147 പേർക്ക് രോഗം സ്ഥിരീകരിച്ച ഛത്തീസ്ഗഡ് ആണ് മൂന്നാമത്. പ്രതിദിന മരണ നിരക്കിൽ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. 10,362 പേർ ഒരു ദിവസം രോഗമുക്തി നേടിയ മഹാരാഷ്ട്രയാണ് രോഗമുക്തി നിരക്കിൽ ഒന്നാമത്. 5145 പേർ രോഗമുക്തി നേടിയ കേരളമാണ് രണ്ടാമത്.
ഉത്തർപ്രദേശിൽ ഇന്ന് കൊവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. എഴുപത്തിയഞ്ചോളം ജില്ലകളിലാണ് വാക്സിനേഷൻ തയ്യാറെടുപ്പിനുളള ഡ്രൈ റൺ നടത്തുക.