കണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിൽ 25ആം പ്രതിയായ സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി.ജയരാജന് തിരിച്ചടി. കേസിൽ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് ജയരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തളളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജയരാജന്റെ ഹർജി തളളിക്കളഞ്ഞത്. കേസ് അന്വേഷിക്കുന്ന സിബിഐ സംസ്ഥാന സർക്കാർ നിർദ്ദേശിക്കാതെ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് കേസിൽ യുഎപിഎ ചുമത്തിയതെന്ന് കാട്ടി പി ജയരാജനടക്കമുളള പ്രതികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഇവരുടെ വാദം കോടതി തളളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ അപ്പീലാണ് ഇന്ന് തളളിയത്.
2014 സെപ്തംബർ ഒന്നിനായിരുന്നു കതിരൂർ മനോജിനെ സഞ്ചരിച്ച വാഹനത്തിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയത്. ആദ്യം കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പിന്നീട് കേസ് സി.ബി.ഐ ഏറ്റെടുത്തു. കേസിൽ പ്രതിയായ പി.ജയരാജന് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കേസ് അന്വേഷിച്ച സിബിഐ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊലപാതകം, വധശ്രമം,ഗൂഢാലോചന എന്നീ കുറ്റങ്ങളും യുഎപിഎ അനുസരിച്ചുളള ദേശവിരുദ്ധകുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശി കുന്നുമ്മേൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി സജിലേഷ് എന്നിവരാണ് കേസിൽ മറ്റ് പ്രധാന പ്രതികൾ. പി.ജയരാജന് ജാമ്യം ലഭിച്ചെങ്കിൽ കേസിൽ ആദ്യ 15 സ്ഥാനത്തുളള പ്രതികൾ കഴിഞ്ഞ അഞ്ച് വർഷമായി ജയിൽശിക്ഷ അനുഭവിച്ച് വരികയാണ്.