ശബരിമല : മകരവിളക്കിന് ശബരിമലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 14നാണ് മകരവിളക്ക്. ഇതിന് മുന്നോടിയായി 12 ന് ദീപാരാധനയ്ക്ക് ശേഷം പ്രാസാദശുദ്ധിക്രിയകളും13 ന് ഉച്ചപൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ നടക്കും. 14ന് രാവിലെ 8.14 നാണ് മകരസംക്രമപൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് ദൂതൻവഴി കൊടുത്തുവിടുന്ന മുദ്രയിലെ നെയ്യാണ് സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമവേളയിൽ അഭിഷേകം ചെയ്യുക. മകരവിളക്കുനാളിൽ ദീപാരാധന വേളയിൽ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നതിനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12 ന് ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 11നാണ് എരുമേലിപ്പേട്ട.
ശബരിമലയിൽ കൊവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കിടയിൽ നടത്തിയ പരിശോധനയിൽ രോഗം കുറഞ്ഞതായി കണ്ടെത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള അൻപത് പേർക്ക് മാത്രമാണ് പേട്ടതുള്ളലിന് അനുമതി നൽകിയിരിക്കുന്നത്. 13 ന് പമ്പാവിളക്കും സദ്യയും നടക്കും.
രാജപ്രതിനിധി പങ്കെടുക്കില്ല
പന്തളം:തിരുവാഭരണ ഘോഷയാത്രയിലും അനുബന്ധ ചടങ്ങുകളിലും രാജപ്രതിനിധിയുടെ സാന്നിദ്ധ്യമുണ്ടാവില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം അദ്ധ്യക്ഷൻ പി.ജി. ശശികുമാര വർമ്മ പറഞ്ഞു.കൊട്ടാരത്തിൽ അശൂലമുണ്ടായതിനാലാണിത്. പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ വലിയ രാജാവ് രാജ പ്രതിനിധിക്ക് പൂജിച്ച ഉടവാൾ കൈമാറുന്ന പ്രധാന ചടങ്ങും തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി നൽകുന്ന ചടങ്ങും ഇത്തവണ ഉണ്ടാവില്ല. സന്നിധാനത്തെ ചടങ്ങുകളിലും രാജപ്രതിനിധിയുടെ സാന്നിദ്ധ്യമുണ്ടാവില്ല. അശൂലം മാറി 16ന് ശേഷം കുടുംബാംഗങ്ങൾ ശബരിമലയിലെത്തും.