തിരുവനന്തപുരം: കസ്റ്റംസിനെതിരെ പരസ്യവിമർശനവുമായി സെക്രട്ടറിയേറ്റിലെ സി പി എം അനുകൂല സംഘടന രംഗത്ത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് വിമർശനവുമായി രംഗത്തു വന്നത്. 'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലാണ് സംഘടനയുടെ ലഘുലേഖയിലെ വിമർശനം.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും വിമർശനമുണ്ട്. സർക്കാരിനെ മോശമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ അതിനെ പരസ്യമായിത്തന്നെ നേരിടുമെന്ന മുന്നറിയിപ്പും സംഘടന നൽകിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ മൊഴി നൽകാൻ എത്തിയപ്പോൾ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചതായും സംഘടന പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.