കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിൽ സി.ബി.ഐ നടത്തിയ റെയ്ഡിൽ മൂന്നര ലക്ഷം രൂപയും 79 പവൻ സ്വർണവും പിടിച്ചെടുത്തു. അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സി.ബി.ഐയുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. കരിപ്പൂരിൽ സ്വർണക്കടത്ത് വർദ്ധിച്ചതിനെ തുടർന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് റെയ്ഡ്.പുലർച്ചെ എയർഅറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം എത്തിയത്. കസ്റ്റംസ് ഹാളിലെ പരിശോധനയിൽ കണക്കിൽ പെടാത്ത 637 ഗ്രാം സ്വർണം, മൂന്നുലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തി. ഇതിനുപുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 17,000, മറ്റൊരാളിൽ നിന്ന് 13,000, മൂന്നാമനിൽ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്. അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.ഇവരിൽ മൂന്നുപേർക്കെതിരെ നേരത്തെ ഇവിടുണ്ടായിരുന്ന മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നൽകിയിരുന്നു.