ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലെത്താനുളള ഒറ്റക്കെട്ടായ പ്രവർത്തനം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ നിന്നുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാന്റുമായുളള തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ കുറിച്ച് പലതരം വാർത്തകൾ പുറത്തുവരുന്നുണ്ട്. അവയിലൊന്നും ഒരടിസ്ഥാനവുമില്ല. പാർട്ടിക്ക് ഇപ്പോൾ ഒരു അജണ്ട മാത്രമാണുളളത്. കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരികയാണതെന്നും ചെന്നിത്തല പറഞ്ഞു. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിലും ,തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ കാര്യത്തിലും,തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ കാര്യത്തിലും ഇത്തവണ പുതുമയുണ്ടാകും.
ജനപങ്കാളിത്തം പൂർണമായും ഉറപ്പാക്കി അവരുടെ ആശയും പ്രതീക്ഷയും ഉയർത്തിപ്പിടിച്ചായിരിക്കും പാർട്ടിയുടെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ചെന്നിത്തല സൂചിപ്പിച്ചു. ജനങ്ങൾക്ക് തൃപ്തി നൽകുന്ന തരത്തിലാകണം പാർട്ടിയുടെ പ്രവർത്തനമെന്ന് കോൺഗ്രസിന് നിർബന്ധമുണ്ട്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇത്തവണ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസ് കാക്കുമെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. തദ്ദേശതിരഞ്ഞെടുപ്പിലെ പാഠം ഉൾക്കൊണ്ട് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഹൈക്കമാന്റ് കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. കൂടുതലും പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും നേതാക്കൾ അറിയിച്ചു.