തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അദ്ദേഹത്തെ ജില്ലയ്ക്ക് പുറത്തെ മറ്റ് ഏതെങ്കിലും മണ്ഡലത്തിൽ പരീക്ഷിക്കും എന്നും പറയപ്പെടുന്നു.
കഴിഞ്ഞ തവണ മാദ്ധ്യമപ്രവർത്തകരായ നികേഷ് കുമാറിനേയും വീണ ജോർജിനേയും തിരഞ്ഞെടുപ്പ് രംഗത്ത് സി പി എം പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ നിയമസഭ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ സി പി എമ്മിൽ നിന്നുണ്ടാകും എന്ന വാർത്തകൾക്കിടെയാണ് ജോൺ ബ്രിട്ടാസിന്റെ പേര് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് സജീവമായി ഉയരുന്നത്.
പാർട്ടി മുഖപത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വർഷങ്ങളായി പാർട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററും കൂടിയാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ബ്രിട്ടാസിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ജോൺ ബ്രിട്ടാസ് മത്സരിക്കണമോയെന്ന കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് നിർണായകമാകും.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് ഒന്നു രണ്ട് പേരുകൾ കൂടി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി അഭ്യൂഹങ്ങളിൽ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയും ഇപ്പോഴത്തെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്റെ പേര് തിരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിമാർ മത്സരിക്കണമോയെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.